LiveTV

Live

National

'നോര്‍ത്ത് ഈസ്റ്റുകാര്‍ ബീഫ് കഴിച്ചോളൂ... ബിജെപിക്ക് സന്തോഷമേയുള്ളു...'

'നോര്‍ത്ത് ഈസ്റ്റുകാര്‍ ബീഫ് കഴിച്ചോളൂ... ബിജെപിക്ക് സന്തോഷമേയുള്ളു...'
Summary
അടുത്ത വര്‍ഷം നാലു നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളാണ് ജനവിധിക്കായി കാതോര്‍ക്കുന്നത്.

അടുത്ത വര്‍ഷം നാലു നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളാണ് ജനവിധിക്കായി കാതോര്‍ക്കുന്നത്. ബീഫിന്റെ പേരില്‍ ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ അരക്ഷിതത്വം സൃഷ്ടിക്കുന്നത് ഗോ രക്ഷകരാണെന്നിരിക്കെ ഇതൊക്കെ മറക്കാന്‍ ശീലിക്കുകയാണ് ബിജെപി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങളുടെ ഭക്ഷണശീലത്തില്‍ കൈ കടത്തേണ്ടെന്നാണ് ബിജെപിയുടെ തീരുമാനം. ഈ മേഖലയില്‍ ജനങ്ങള്‍ക്ക് മേല്‍ ഭക്ഷണശീലം അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്ന് ബിജെപി നേതൃത്വം നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

'നോര്‍ത്ത് ഈസ്റ്റുകാര്‍ ബീഫ് കഴിച്ചോളൂ... ബിജെപിക്ക് സന്തോഷമേയുള്ളു...'

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമ്പോള്‍ ബീഫ് നിരോധം ഈ സംസ്ഥാനങ്ങളില്‍ ഒരു പ്രശ്നമാകില്ലെന്നാണ് മുതിര്‍ന്ന ബിജെപി നേതാവ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ബീഫ് നിരോധമില്ലെന്ന് പ്രഖ്യാപിച്ചതും തുടര്‍ന്ന് ബിജെപിയുടെ മൌനവും ന്യായീകരണവുമൊക്കെ ബിജെപി ഈ വിഷയത്തില്‍ അയഞ്ഞ നിലപാടിലേക്ക് തിരിഞ്ഞതായാണ് ഒരു ദേശീയ മാധ്യമം ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലുള്ളവര്‍ ബീഫ് കഴിക്കുന്നതിന് ബിജെപിക്ക് ഒരു പ്രശ്നവുമില്ലെന്നും ആരും അവരെ തടയില്ലെന്നുമായിരുന്നു അല്‍ഫോന്‍സിന്റെ പ്രഖ്യാപനം. മൃഗസ്നേഹത്തില്‍ പൊതിഞ്ഞ് ബിജെപി പ്രഖ്യാപിച്ച ബീഫ് നിരോധം മേഘാലയ അടക്കമുള്ള നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ കാവിക്കൊടിക്ക് വെല്ലുവിളിയാകുമെന്ന ആശങ്ക ബിജെപിക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇക്കഴിഞ്ഞ ജൂണില്‍ ബിജെപിയുടെ നോര്‍ത്ത് ഗാരോ ഹില്‍സ് ജില്ലാ പ്രസിഡന്റ് അടക്കമുള്ള നിരവധി പേര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. ബീഫ് നിരോധമായിരുന്നു അവരെല്ലാം ചൂണ്ടിക്കാട്ടിയ പ്രശ്നം. ബീഫ് നിരോധം നോര്‍ത്ത് ഈസ്റ്റിലെ പാര്‍ട്ടിക്കുള്ളില്‍ വിള്ളല്‍ വീഴ്‍ത്തിയ സാഹചര്യത്തിലാണ് പുനര്‍ചിന്തനത്തിന് ബിജെപി ശ്രമിക്കുന്നത്. ബിജെപിയുടെ മതേതര വിരുദ്ധ നിലപാട് ഈ നാട്ടില്‍ ചെലവാകില്ലെന്ന് രാജിവെച്ച നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. 2018 മാര്‍ച്ചില്‍ മേഘാലയ, ത്രിപുര, നാഗാലാന്‍ഡ് എന്നിവടങ്ങളിലും ഡിസംബറില്‍ മിസോറാമിലുമാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് എന്‍ഡിഎ കണ്‍വീനര്‍ ഹിമാനന്ദ ബിശ്വ ശര്‍മ, ജനങ്ങളുടെ ഭക്ഷണശീലത്തിലോ ആചാരങ്ങളിലോ പാര്‍ട്ടി കൈ കടത്തുകയോ ഏതെങ്കിലും തരത്തിലുള്ള നയം അടിച്ചേല്‍പ്പിക്കുകയോ ചെയ്യില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.