LiveTV

Live

National

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൌരി ലങ്കേഷിനെ വെടിവെച്ച് കൊന്നു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൌരി ലങ്കേഷിനെ വെടിവെച്ച് കൊന്നു
Summary
സംഘപരിവാര്‍ രാഷ്ട്രീയത്തെ നിശിതമായി വിമര്‍ശിച്ച് നിലപാടുകളില്‍ ഉറച്ചു നിന്ന് ഗൌരി, ലങ്കേഷ് പത്രികയുടെ എഡിറ്ററായിരുന്നു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷിനെ വെടിവെച്ച് കൊന്നു. ബംഗലൂരുവിലെ വസതിക്ക് മുന്നില്‍ വെച്ച് അജ്ഞാതരായ മൂന്ന് പേര്‍ ചേര്‍ന്നാണ് വെടിവെച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഘപരിവാര്‍ രാഷ്ട്രീയത്തെ നിശിതമായി വിമര്‍ശിച്ച് നിലപാടുകളില്‍ ഉറച്ചു നിന്ന് ഗൌരി, ലങ്കേഷ് പത്രികയുടെ എഡിറ്ററായിരുന്നു.

ബംഗലൂരുവിലെ രാജരാജേശ്വരി നഗറിലെ വീടിന് മുന്നില്‍ കാറില്‍ നിന്ന് ഇറങ്ങിയപ്പോഴാണ് ആക്രമികള്‍ വെടിവെച്ചത്. നെഞ്ചില്‍ തന്നെ വെടിയേറ്റതിനാല്‍ ഉടനെ തന്നെ മരിച്ചുവെന്നാണ് പൊലീസ് പറയുന്നത്. സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ കടുത്ത വിമര്‍ശകയായിരുന്നു ഗൌരി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി ലങ്കേഷിന്റെ മകളാണ്. ബിജെപി നേതാക്കള്‍ക്കെതിരെ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ അപകീര്‍ത്തിക്കേസില്‍ ആറ് മാസം തടവും പിഴയും ശിക്ഷ ലഭിച്ചിരുന്നു. വ്യാജ സ്വര്‍ണം വില്‍ക്കുന്ന ഒരു റാക്കറ്റിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ബിജെപിയിലെ മുതിര്‍ന്ന നേതാക്കളാണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു അപകീര്‍ത്തികേസ്.

സംഭവത്തെ കുറിച്ചറിഞ്ഞത് മുതല്‍ വലിയ തോതിലുള്ള പ്രതിഷേധമാണ് കര്‍ണാടകയിലെങ്ങും ഉയരുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിക്കഴിഞ്ഞതായി കര്‍ണാടക ആഭ്യന്തരമന്ത്രി പറഞ്ഞു.

അഹിതമായ വാര്‍ത്തകളെഴുതുന്നവരെ വറുതിക്ക് വരുത്തുന്ന വിലകുറഞ്ഞ സംഘവരിവാര്‍ രാഷ്ട്രീയമാണ് കൊലക്ക് പിന്നിലെന്നാണ് പരക്കെ ഉയരുന്ന ആരോപണം. നേരത്തെ കല്‍ബുര്‍ഗിയെ വെടിവെച്ച് കൊന്നപ്പോള്‍ പ്രതിഷേധത്തിന് ചുക്കാന്‍ പിടിച്ച വ്യക്തികളിലൊരാളായിരുന്നു ഗൌരി ലങ്കേഷ്. സംഘപരിവാറിനെ എതിര്‍ത്തതിന്റെ പേരില്‍ ദാരുണ മരണം ഏറ്റുവാങ്ങേണ്ടി വന്നവരുടെ പട്ടികയിലേക്ക് കല്‍ബുര്‍ഗിക്കും പന്‍സാരെക്കും ദഭോല്‍ക്കറിനും പിന്നാലെ ഗൊരി ലങ്കേഷിന്റെ പേരും കൂട്ടിച്ചേര്‍ക്കപ്പെടുകയാണ്. ഗൌരി ലങ്കേഷിന്റെ മരണത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ നേതൃത്വത്തിലും അല്ലാതെയും രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയാണ്.