LiveTV

Live

National

മോദിക്കെതിരെ ആഞ്ഞടിച്ച് ബിജെപി എംപി; പ്രധാനമന്ത്രിക്ക് ചോദ്യങ്ങളെ ഭയം...

മോദിക്കെതിരെ ആഞ്ഞടിച്ച് ബിജെപി എംപി; പ്രധാനമന്ത്രിക്ക് ചോദ്യങ്ങളെ ഭയം...
Summary
മോദിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലെന്ന് പടോലെ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് ബിജെപി എംപി നാനാ പടോലെ. മോദിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലെന്ന് പടോലെ പറഞ്ഞു. ബിജെപി എംപിമാരുടെ യോഗത്തിനിടെ കര്‍ഷക ആത്മഹത്യകളെക്കുറിച്ചും ഒബിസി മന്ത്രാലയത്തേക്കുറിച്ചും ചോദ്യങ്ങള്‍ ആരാഞ്ഞ തന്നോട് പ്രധാനമന്ത്രി രോഷാകുലനായെന്നും പടോലെ വെളിപ്പെടുത്തി. മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി എംപിയാണ് നാനാ പടോലെ.

മോദിക്കെതിരെ ആഞ്ഞടിച്ച് ബിജെപി എംപി; പ്രധാനമന്ത്രിക്ക് ചോദ്യങ്ങളെ ഭയം...

''പ്രധാനമന്ത്രിക്ക് ചോദ്യങ്ങളെ ഭയമാണ്. പ്രധാനമന്ത്രി വിളിച്ചുചേര്‍ക്കുന്ന എംപിമാരുടെ യോഗത്തില്‍ പോലും ആരെയും സംസാരിക്കാന്‍ അദ്ദേഹം അനുവദിക്കാറില്ല. താനൊരു അടിയന്തര പ്രാധാന്യമുള്ള ചോദ്യം ആരാഞ്ഞപ്പോള്‍ അദ്ദേഹം പൊട്ടിത്തെറിക്കുകയാണ് ചെയ്തത്. മോദിയോട് ചോദ്യങ്ങള്‍ ആരായുമ്പോള്‍, നിങ്ങള്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രിക വായിച്ചിട്ടില്ലേ, വിവിധ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് അറിയില്ലേ എന്നൊക്കെയാണ് അദ്ദേഹം തിരിച്ചു ചോദിക്കുകയെന്നും പടോലെ പറഞ്ഞു. ഹരിത നികുതി, ഒബിസി മന്ത്രാലയം, കാര്‍ഷിക മേഖലയിലെ കേന്ദ്ര നിക്ഷേപം തുടങ്ങിയ ചില വിഷയങ്ങളില്‍ താന്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ തന്നോട് ദേഷ്യപ്പെട്ട മോദി, മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി എംപിമാരുടെ യോഗം മോദി സ്ഥിരമായി വിളിച്ചുചേര്‍ക്കാറുണ്ട്. എന്നാല്‍ അദ്ദേഹമല്ലാതെ മറ്റാരേയും സംസാരിക്കാന്‍ മോദി അനുവദിക്കാറില്ലെന്നും പടോലെ കുറ്റപ്പെടുത്തി.

കേന്ദ്ര ഫണ്ട് സംസ്ഥാനത്തേക്ക് എത്തിക്കുന്നതില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് സമ്പൂര്‍ണ പരാജയമാണെന്നും പടോലെ തുറന്നടിച്ചു. കേന്ദ്ര മന്ത്രിമാര്‍ക്കൊക്കെ ഭയമാണ്. തനിക്ക് മന്ത്രിസ്ഥാനത്തോട് ആഗ്രഹമില്ല. അതുകൊണ്ട് തന്നെ ആരെയും ഭയമില്ലെന്നും പടോലെ പറഞ്ഞു.