LiveTV

Live

National

ജയിലിന് പുറത്ത് കേണല്‍ പുരോഹിതിന് സൈന്യത്തിന്‍റെ സ്വീകരണം; സൈന്യത്തില്‍ തിരിച്ചെടുത്തേക്കും

ജയിലിന് പുറത്ത് കേണല്‍ പുരോഹിതിന് സൈന്യത്തിന്‍റെ സ്വീകരണം; സൈന്യത്തില്‍ തിരിച്ചെടുത്തേക്കും
Summary
കേസില്‍ ജാമ്യം ലഭിച്ച പുരോഹിത് ഇന്ന് രാവിലെയാണ് മുംബൈയിലെ ടലോജ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.

മലേഗാവ് സ്ഫോടനക്കേസിലെ പ്രതി കേണല്‍ പ്രസാദ് പുരോഹിതിന് ജയിലിന് പുറത്ത് സൈനിക ഉദ്യോഗസ്ഥരുടെ സ്വീകരണം. കേസില്‍ ജാമ്യം ലഭിച്ച പുരോഹിത് ഇന്ന് രാവിലെയാണ് മുംബൈയിലെ ടലോജ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. സൈനിക വാഹനങ്ങളുടെ അകമ്പടിയോടെ പുരോഹിത് കൊളാബയിലെ സൈനിക ആസ്ഥാനത്തെത്തി. സസ്പെന്‍ഷന്‍ പിന്‍വലിച്ച് ഇന്ന് തന്നെ കേണല്‍ പുരോഹിതിന് പോസ്റ്റിങ് ഓര്‍ഡര്‍ നല്‍കുമെന്നാണ് വിവരം.

ജയിലിന് പുറത്ത് കേണല്‍ പുരോഹിതിന് സൈന്യത്തിന്‍റെ സ്വീകരണം; സൈന്യത്തില്‍ തിരിച്ചെടുത്തേക്കും

ആറ് പേരുടെ മരണത്തിനും, നിരവധി പേരുടെ പരിക്കിനും കാരണമായ മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതികളിലൊരാളാണ് ആര്‍മി ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥനായിരുന്ന കേണല്‍ പ്രസാദ് പുരോഹിത്. സുപ്രിം കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച പുരോഹിത് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് രാവിലെ ജയില്‍ മോചിതനായി. ജാമ്യം അനുവദിക്കുന്നതിന് സുപ്രിം കോടതി ചൂണ്ടിക്കാട്ടിയത് മക്കോക്ക കുറ്റം ഒഴിവാക്കി, കുറ്റപത്രം സമര്‍പ്പിക്കുന്നതിലുണ്ടായ കാല താമസം തുടങ്ങിയ സാങ്കേതിക കാരണങ്ങളാണ്. ഇത് കണക്കിലെടുക്കാതെയാണ് ഭീകരവാദക്കേസിലെ പ്രതിയായ പുരോഹിതിനെ സൈനിക ജോലിയിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നത്. ഇന്ന് മുംബൈയിലെ ടലോജ ജയിലിലെത്തി ആര്‍മി ഉദ്യോഗസ്ഥര്‍ പുരോഹിതിനെ സ്വീകരിച്ചു. വീട്ടിലേക്ക് പോകുന്നതിന് മുമ്പ് സൈനിക വാഹനങ്ങളുടെ അകന്പടിയോടെ പുരോഹിത് കൊളാബയിലെ ആര്‍മി ഇന്റലിജന്‍സ് ആസ്ഥാനത്തെത്തി.

അടുത്ത 24 മണിക്കൂറിനുള്ളില്‍ പുരോഹിതിന്‍റെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് പുതിയ പോസ്റ്റിങ് ഓര്‍ഡര്‍ നല്‍കുമെന്നും, അതിന്‍റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ജയിലില്‍ നിന്ന് ഇറങ്ങിയ ഉടനെ സൈനിക ആസ്ഥാനത്തെത്തിയതെന്നുമാണ് വിവരം. ജാമ്യത്തിലാണെങ്കിലും മലേഗാവ് സ്ഫോടനക്കേസിലെ പ്രതിയാണ് പുരോഹിത്. ഒരു ഭീകരാക്രമണക്കേസിലെ പ്രതി, കുറ്റവിമുക്തനാക്കപ്പെടുന്നതിന് മുമ്പ് ജോലിയില്‍ തിരികെ പ്രവേശിക്കുന്നത് സൈനിക ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന വിമര്‍ശമാണ് ഉയരുന്നത്.