LiveTV

Live

National

ബിജെപി പിന്തുണ: ജെഡിയുവില്‍ ഭിന്നത രൂക്ഷം

ബിജെപി പിന്തുണ: ജെഡിയുവില്‍ ഭിന്നത രൂക്ഷം
Summary
മുതിര്‍ന്ന ജെഡിയു നേതാവ് ശരത് യാദവ് ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചതായി ആര്‍ജെഡി നേതാവ് ലാലുപ്രസാദ് പറഞ്ഞു

ബീഹാറില്‍ ബിജെപി പിന്തുണയില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ രൂപീകരിച്ചതോടെ ജെഡിയുവിലുണ്ടായ ഭിന്നത കൂടുതല്‍ കടുക്കുന്നു. മുതിര്‍ന്ന ജെഡിയു നേതാവ് ശരത് യാദവ് ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചതായി ആര്‍ജെഡി നേതാവ് ലാലുപ്രസാദ് പറഞ്ഞു. ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ട് ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാത്തതിനെതിരെ ആര്‍ജെഡി നല്‍കിയ ഹര്‍ജി നാളെ കോടതി പരിഗണിക്കും.

നിതീഷിന്‍റെ രാഷ്ട്രീയ ചേരിമാറ്റത്തിനെതിരെ പരസ്യ പ്രതികരണത്തിന് ശരത് യാദവ് ഇതുവരെ തയ്യാറായിട്ടില്ല. പക്ഷേ പാര്‍ട്ടിയിലെ അതൃപ്തരായ മറ്റ് നേതാക്കളുമായി നേരിട്ടും ഫോണിലൂടെയും അദ്ദേഹം ചര്‍ച്ച നടത്തിയിട്ടുണ്ട്. നിതീഷിന്‍റെ സത്യപ്രതിജ്ഞക്ക് ശേഷം ശരത് യാദവ് ആര്‍ജെഡി നേതൃത്വവുമായും ഫോണില്‍ സംസാരിച്ചു. ശരത് യാദവ് തന്നെ വിളിച്ച് ഒപ്പമുണ്ടെന്ന് അറിയിച്ചതായി ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് പറഞ്ഞു.

നിതീഷിനെതിരെ പരസ്യമായി രംഗത്ത് വന്ന പാര്‍ട്ടിയുടെ സംസ്ഥാന ഘടകങ്ങളുമായും ശരത് യാദവ് തുടര്‍‌നീക്കങ്ങള്‍ ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ നിയമ പോരാട്ടവുമായി മുന്നോട്ട് പോകാനുള്ള നിലപാടില്‍ ആര്‍ജെഡി നേതൃത്വവും ഉറച്ച് നില്‍ക്കുകയാണ്, സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും കൃത്യസമയത്ത് അവകാശവാദമുന്നയിച്ചിട്ടും ആര്‍ജെഡിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാത്ത ഗവര്‍ണറുടെ നടപടിക്കെതിരെ ആര്‍ജെഡി നല്‍കിയ ഹര്‍ജി നാളെ പട്ന ഹൈക്കോടതി പരിഗണിച്ചേക്കും.