LiveTV

Live

National

ആശുപത്രി സന്ദര്‍ശിക്കാന്‍ എത്തിയ യോഗിയെ തണുപ്പിക്കാന്‍ 20 കൂളറുകള്‍; തിരിച്ചുപോയപ്പോള്‍ കൂളറുകള്‍ നീക്കംചെയ്തു

ആശുപത്രി സന്ദര്‍ശിക്കാന്‍ എത്തിയ യോഗിയെ തണുപ്പിക്കാന്‍ 20 കൂളറുകള്‍; തിരിച്ചുപോയപ്പോള്‍ കൂളറുകള്‍ നീക്കംചെയ്തു
Summary
തനിക്ക് വേണ്ടി അനാവശ്യ വിവിഐപി സൌകര്യങ്ങള്‍ ഒരുക്കേണ്ടതില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിട്ട് ദിവസങ്ങള്‍ പിന്നിടുന്നതിനിടെയാണ് വാക്കും പ്രവര്‍ത്തിയും രണ്ടും രണ്ടായ രീതിയുള്ള സംഭവം

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അലഹബാദ് സ്വരൂപ് റാണി നെഹ്റു ആശുപത്രി സന്ദര്‍ശനത്തിന് മുന്നോടിയായി ആശുപത്രിയില്‍ സജ്ജീകരിച്ച 20 ഓളം എയര്‍ കൂളറുകള്‍ സന്ദര്‍ശന ശേഷം നീക്കംചെയ്തു. തനിക്ക് വേണ്ടി അനാവശ്യ വിവിഐപി സൌകര്യങ്ങള്‍ ഒരുക്കേണ്ടതില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിട്ട് ദിവസങ്ങള്‍ പിന്നിടുന്നതിനിടെയാണ് വാക്കും പ്രവര്‍ത്തിയും രണ്ടും രണ്ടായ രീതിയുള്ള സംഭവം.

ആശുപത്രി സന്ദര്‍ശിക്കാന്‍ എത്തിയ യോഗിയെ തണുപ്പിക്കാന്‍ 20 കൂളറുകള്‍; തിരിച്ചുപോയപ്പോള്‍ കൂളറുകള്‍ നീക്കംചെയ്തു

നേരത്തെ പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിഎസ്എഫ് ജവാന്റെ വീട് സന്ദര്‍ശിക്കുന്നതിനിടെ പ്രത്യേക കസേരകളും എയര്‍ കണ്ടീഷനുകളും പരവതാനി വിരിച്ചതും സന്ദര്‍ശന ശേഷം ഇതെല്ലാം തിരികെ കൊണ്ടുപോയതുമൊക്കെ വലിയ വിവാദമായിരുന്നു. ഇതിനെതിരെ ജവാന്റെ കുടുംബവും യോഗിക്കെതിരെ രംഗത്തുവന്നിരുന്നു. ഈ വിവാദത്തിന്റെ ചൂടാറും മുമ്പാണ് സമാന സംഭവം ആശുപത്രി സന്ദര്‍ശനത്തിനിടെയും ഉണ്ടായിരിക്കുന്നത്. ആശുപത്രി സന്ദര്‍ശനത്തിനായി തനിക്ക് പ്രത്യേക സൌകര്യങ്ങളൊന്നും ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് നേരത്തെ യോഗി നിര്‍ദേശിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇതിനു തൊട്ടുപിന്നാലെയാണ് ആശുപത്രിയില്‍ കൂളറുകള്‍ സ്ഥാപിച്ചത്. മുഖ്യമന്ത്രി ആശുപത്രി സന്ദര്‍ശിച്ച് തിരിച്ചുപോയതിനു പിന്നാലെ കൂളറുകള്‍ നീക്കം ചെയ്തു. ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം സന്ദര്‍ശിക്കാനാണ് യോഗി എത്തിയത്. കടുത്ത ചൂടില്‍ ഉരുകുന്ന ആശുപത്രിയിലെ രോഗികള്‍ക്ക് വലിയ ആശ്വസമായിരുന്നു യോഗിയുടെ സന്ദര്‍ശന വേളയില്‍ മാത്രം സ്ഥാപിച്ച കൂളറുകള്‍. യോഗി തിരിച്ചു പോയപ്പോള്‍ കൂളറുകള്‍ ഇവിടെ നിന്നു നീക്കം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ഒരു പ്രാദേശിക ഫോട്ടോഗ്രാഫര്‍ കാമറയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. കൂളറുകള്‍ സ്ഥാപിച്ചപ്പോള്‍ രോഗികള്‍ക്ക് വലിയ ആശ്വസമായിരുന്നുവെന്നും യോഗിയെ പ്രീതിപ്പെടുത്താനാണ് ഇതെല്ലാം ഒരുക്കുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നും ഒരു രോഗിയുടെ ബന്ധു പറഞ്ഞു. ഏതായാലും ഒന്നുകില്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വലിയ മതിപ്പില്ലെന്നും അതല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ മൌനാനുവാദത്തോടെയാണ് ഈ നാണംകെട്ട പരിപാടിയെന്നുമാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശം.