LiveTV

Live

National

കന്നുകാലിക്ക് പിന്നാലെ പട്ടിക്കും പൂച്ചക്കും കേന്ദ്രത്തിന്റെ നിയന്ത്രണം

കന്നുകാലിക്ക് പിന്നാലെ പട്ടിക്കും പൂച്ചക്കും കേന്ദ്രത്തിന്റെ നിയന്ത്രണം
Summary
ഈ ഗണത്തില്‍പെട്ട മൃഗങ്ങളെ അനിയന്ത്രിതമായി പ്രജനനം നടത്തുകയും വില്‍ക്കുകയും ചെയ്യുന്നതിനാണ് വിലക്ക്.

കശാപ്പിന് വേണ്ടി കന്നുകാലികളെ കാലിച്ചന്തയിൽ വിൽക്കുന്നത് നിരോധിച്ചതിനു പിന്നാലെ, നായ്ക്കളെയും പൂച്ചകളെയും വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നിയന്ത്രണം. ഈ ഗണത്തില്‍പെട്ട മൃഗങ്ങളെ അനിയന്ത്രിതമായി പ്രജനനം നടത്തുകയും വില്‍ക്കുകയും ചെയ്യുന്നതിനാണ് വിലക്ക്.

കന്നുകാലിക്ക് പിന്നാലെ പട്ടിക്കും പൂച്ചക്കും കേന്ദ്രത്തിന്റെ നിയന്ത്രണം

നായ്, പൂച്ച എന്നിവക്കു പുറമേ അക്വേറിയങ്ങളിൽ മത്സ്യ പ്രജനനം നടത്തി വില്‍പന നടത്തുന്നവരും സംസ്ഥാന മൃഗസംരക്ഷണ വകുപ്പില്‍ പേര് രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന നിർബന്ധമാക്കി. മൃഗങ്ങളെ എവിടെനിന്ന്, എപ്പോള്‍ ലഭിച്ചു, ആര്‍ക്ക്, എപ്പോള്‍ വിറ്റു തുടങ്ങിയ വിശദാംശങ്ങളും സൂക്ഷിക്കണം. പ്രജനനം നടത്തി വില്‍പന നടത്തുന്നവര്‍ ഇവ ആണോ പെണ്ണോ എന്നു വ്യക്തമാക്കി അവയുടെ ജനനത്തീയതിയും മൈക്രോ ചിപ്പ് നമ്പറും ബ്രീഡറുടെ പേരും രേഖയാക്കി സൂക്ഷിക്കണം.

കൂടാതെ, പ്രജനനം നടത്തുന്നതിനായി മൃഗങ്ങളെ എത്തിച്ചതാണെങ്കില്‍ കൊണ്ടുവന്ന തീയതി, കൊണ്ടുവന്ന ആളുടെ വിലാസം, ഇവയെ പരിപാലിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍, മൃഗങ്ങളെ ഇണചേര്‍ക്കുന്ന ദിവസം, സ്ഥലം എന്നിവ രേഖപ്പെടുത്തണമെന്നും മന്ത്രാലയം പുറത്തിറക്കിയ പുതിയ വിജ്ഞാപനത്തിൽ വിശദീകരിക്കുന്നുണ്ട്.

എട്ടാഴ്ചയില്‍ താഴെ പ്രായമുള്ള പട്ടി, പൂച്ച കുഞ്ഞുങ്ങളെ വിൽക്കരുത്, പ്രജനനത്തിനുവേണ്ടിയല്ലാതെ ആൺ-പെണ്‍ നായ്ക്കളെ ഒരുമിച്ചു താമസിപ്പിക്കരുത്, പൊതുസ്ഥലങ്ങളിലോ വില്‍പനശാലകളിലോ വിൽപനക്ക് പ്രദര്‍ശിപ്പിക്കരുത് തുടങ്ങിയ നിരവധി നിര്‍ദേശങ്ങളാണ് വിജ്ഞാപനത്തിലുള്ളത്.