LiveTV

Live

National

നിയമസഭയിലേക്ക് കാളവണ്ടിയില്‍ ബിജെപി എംഎല്‍എയുടെ യാത്ര; കാശ് തരാതെ പറ്റിച്ചുവെന്ന് കാളവണ്ടിക്കാരന്‍റെ പരാതി

നിയമസഭയിലേക്ക് കാളവണ്ടിയില്‍ ബിജെപി എംഎല്‍എയുടെ യാത്ര; കാശ് തരാതെ പറ്റിച്ചുവെന്ന് കാളവണ്ടിക്കാരന്‍റെ പരാതി
Summary
ജനങ്ങള്‍ക്ക് മുമ്പില്‍ ജീവിത ലാളിത്യം വിളമ്പാന്‍ ചില രാഷ്ട്രീയക്കാര്‍ പല വിദ്യകളും പുറത്തെടുക്കാറുണ്ട്.

ജനങ്ങള്‍ക്ക് മുമ്പില്‍ ജീവിത ലാളിത്യം വിളമ്പാന്‍ ചില രാഷ്ട്രീയക്കാര്‍ പല വിദ്യകളും പുറത്തെടുക്കാറുണ്ട്. അതില്‍ മിക്കതും നിയമസഭയിലേക്കുള്ള യാത്രയിലാണ് പൊലിപ്പിക്കുക. കാല്‍നടയായും സൈക്കിളിലും എന്തിനേറെ കാളവണ്ടിയിലും വരെ സഭയിലേക്ക് എത്തി ലാളിത്യം പ്രകടിപ്പിക്കുന്നവരുണ്ട്. കുറഞ്ഞപക്ഷം ഇങ്ങനെ ലാളിത്യം പ്രകടിപ്പിക്കുന്നവരും പ്രതീകാത്മക ആശയപ്രകാശനം നടത്തുന്ന ജനപ്രതിനിധികളും യാത്ര ചെയ്യുന്ന കാളവണ്ടിക്കാരനോടെങ്കിലും നീതി പുലര്‍ത്തണമെന്ന ലളിതമായ അഭ്യര്‍ഥനയിലേക്കാണ് ഈ വാര്‍ത്ത വിരല്‍ചൂണ്ടുന്നത്.

നിയമസഭയിലേക്ക് കാളവണ്ടിയില്‍ ബിജെപി എംഎല്‍എയുടെ യാത്ര; കാശ് തരാതെ പറ്റിച്ചുവെന്ന് കാളവണ്ടിക്കാരന്‍റെ പരാതി

ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് സംഭവം. ബന്‍ഡല്‍ഖാന്‍ഡില്‍ നിന്നുള്ള ബിജെപി എംഎല്‍എ ജവഹര്‍ലാല്‍ രജ്പുതാണ് കാളവണ്ടിയില്‍ യാത്ര ചെയ്ത് നിയമസഭയിലെത്തിയ ശേഷം കാശ് കൊടുക്കാതെ മുങ്ങിയത്. കര്‍ഷക താത്പര്യം വിളമ്പരം ചെയ്ത് അലങ്കരിച്ച കാളവണ്ടിയിലാണ് സുരക്ഷാ ഗാര്‍ഡുകള്‍ക്കൊപ്പം കാളവണ്ടിയില്‍ രജ്പുത് എത്തിയത്. നാലു ദിവസം കൊണ്ട് 300 കിലോമീറ്റര്‍ സഞ്ചരിച്ചാണ് രജ്പുത്തും സംഘവും സഭയ്ക്കു മുമ്പിലെത്തിയത്. എന്നിട്ടാണ് പാവപ്പെട്ട കാളവണ്ടിക്കാരനെ മറന്ന് ബിജെപി എംഎല്‍എ നൈസായി കടന്നുകളഞ്ഞത്. സഭയിലെത്തിയതോടെ കാളവണ്ടിയില്‍ നിന്ന് ഇറങ്ങിയ എംഎല്‍എ തന്നെ ഒരുനോക്ക് തിരിഞ്ഞുനോക്കുക പോലും ചെയ്യാതെയാണ് കടന്നുകളഞ്ഞതെന്ന് കാളവണ്ടിക്കാരന്‍ പറഞ്ഞു. നാലു കിലോമീറ്റര്‍ അകലെയുള്ള ഐടി ക്രോസിങിലെത്തിയാല്‍ പണം കിട്ടുമെന്ന് എംഎല്‍എക്കൊപ്പമുണ്ടായിരുന്നവര്‍ പറഞ്ഞിരുന്നു. ഇതനുസരിച്ച് ഐടി ക്രോസിങിലെത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പണം കിട്ടിയില്ല. താന്‍ വിഡ്ഢിയാക്കപ്പെട്ടെന്നും ഉച്ചകഴിഞ്ഞ് തന്‍റെ അടുത്തെത്തിയ എംഎല്‍എയുടെ സഹായി പണം കടംപറഞ്ഞ ശേഷം മടങ്ങുകയായിരുന്നെന്നും ഇയാള്‍ പറഞ്ഞു. പതിനായിരം രൂപ വാഗ്ദാനം നല്‍കിയാണ് കാളവണ്ടിയില്‍ 300 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്തത്.