LiveTV

Live

National

ഭരണം ഞങ്ങള്‍ക്കെങ്കില്‍, ബീഫ് നിരോധിക്കില്ലെന്ന് ബിജെപി

ഭരണം ഞങ്ങള്‍ക്കെങ്കില്‍, ബീഫ് നിരോധിക്കില്ലെന്ന് ബിജെപി
Summary
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബീഫ് നിരോധിക്കില്ലെന്ന വാഗ്ദാനമുയര്‍ത്തി ബിജെപി

ഉത്തര്‍പ്രദേശില്‍ ഭരണം പിടിക്കാന്‍ ബീഫ് നിരോധമുയര്‍ത്തുകയും അധികാരത്തിലെത്തി ദിവസങ്ങള്‍ക്കകം അറവ് ശാലകള്‍ക്ക് പൂട്ടുകയും ചെയ്ത ബിജെപി, പക്ഷേ ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബീഫ് നിരോധിക്കില്ലെന്ന വാഗ്ദാനമാണ് വോട്ട് പിടിക്കാനായി നല്‍കുന്നത്.

ഭരണം ഞങ്ങള്‍ക്കെങ്കില്‍, ബീഫ് നിരോധിക്കില്ലെന്ന് ബിജെപി

യുപിയിലെ അറവ് ശാലകളെ ലക്ഷ്യം വെച്ചുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കത്തില്‍ വടക്കു കിഴക്കന്‍ സംസ്ഥാനക്കാര്‍ അസ്വസ്ഥരാണ്. ബീഫ് നന്നായി ഉപയോഗിക്കുന്നവരാണ് മേഘാലയ, മിസോറാം, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലുള്ളവര്‍. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് ഇവിടുത്തെ ജനങ്ങള്‍. ഭൂരിഭാഗവും ക്രിസ്ത്യന്‍ മതസ്ഥര്‍. ഇവിടെ തങ്ങളുടെ ബീഫ് വിരുദ്ധ രാഷ്ട്രീയം ഏല്‍ക്കില്ലെന്ന തിരിച്ചറിവാണ് പാര്‍ട്ടിയുടെ ഈ പ്രഖ്യാപനത്തിന് പിന്നില്‍.

ബീഫ് വിഷയത്തില്‍ നിലപാട് മാറ്റിയെങ്കില്‍ മാത്രമേ മണിപ്പൂരില്‍ മറ്റ് ചെറു പാര്‍ട്ടികളുമായി ചേര്‍ന്നുണ്ടായ ബിജെപി വിജയം മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ആവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂവെന്ന തിരിച്ചറിവാണ് പാര്‍ട്ടിയുടെ പുതിയ വാഗ്ദാനത്തിന് പിന്നില്‍.

മേഘാലയയില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ബീഫ് നിരോധിക്കുമെന്നുള്ളത് അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് വ്യക്തമാക്കി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡാവിഡ് ഖര്‍സാട്ടിയുടെ പേരിലാണ് ബിജെപി പത്രക്കുറിപ്പ് പുറത്തിറക്കിയിട്ടുള്ളത്. നാഗാലാന്റില്‍ അടുത്ത വര്‍ഷം പാര്‍ട്ടി അധികാരത്തിലെത്തുകയാണെങ്കില്‍ യുപിയിലെ പോലെ ബീഫ് നിരോധം ഉണ്ടാവുകയില്ലെന്നും ഉത്തര്‍പ്രദേശിലെ പരിതസ്ഥിതിയല്ല, നാഗാലാന്റിലേതെന്ന് കേന്ദ്ര നേതാക്കള്‍ക്ക് അറിയാമെന്നും പാര്‍ട്ടിയുടെ നാഗാലാന്റ് അധ്യക്ഷന്‍ വിസാസോളി ലോംഗും പറഞ്ഞു. മിസോറാമിലും തൊട്ടടുത്ത് കിടക്കുന്ന മറ്റ് ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനങ്ങളിലും ബീഫ് നിരോധം ഉണ്ടാകില്ലെന്ന് മിസോറാം ബിജെപി പ്രസിഡന്റ് ജെ വി ഹ്ലൂനയും വ്യക്തമാക്കിയിട്ടുണ്ട്.

2011 സെന്‍സസ് പ്രകാരം നാഗാലന്‍ഡിലെ ജനസംഖ്യയുടെ 88% പേര്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ പെടുന്നവരാണ്. 87% മിസോറാമിലും 75% മേഘാലയയിലും ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ പെടുന്നവരാണ്.