LiveTV

Live

National

ഷേക്സ്പിയറിന്റെ റോമിയോ വെറുമൊരു പൂവാലനോ ?

ഷേക്സ്പിയറിന്റെ റോമിയോ വെറുമൊരു പൂവാലനോ ?
Summary
യുപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ത്രീസുരക്ഷക്കായി രൂപീകരിച്ച സ്ക്വാഡിന്‍റെ പേരാണ് ആൻറി-റോമിയോ. സ്ത്രീകളെ ശല്യം ചെയ്യുന്ന പൂവാലന്‍മാരെ പിടികൂടുകയാണ് സ്ക്വാഡിന്‍റെ ദൌത്യം. എന്നാല്‍ ദൌത്യത്തിന് നല്‍കിയ പേര്, വിശ്വപ്രസിദ്ധ എഴുത്തുകാരന്‍ വില്യം ഷേക്സ്പിയറിന്‍റെ..
ഷേക്സ്പിയറിന്റെ റോമിയോ വെറുമൊരു പൂവാലനോ ?

യുപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ത്രീസുരക്ഷക്കായി രൂപീകരിച്ച സ്ക്വാഡിന്‍റെ പേരാണ് ആൻറി-റോമിയോ. സ്ത്രീകളെ ശല്യം ചെയ്യുന്ന പൂവാലന്‍മാരെ പിടികൂടുകയാണ് സ്ക്വാഡിന്‍റെ ദൌത്യം. എന്നാല്‍ ദൌത്യത്തിന് നല്‍കിയ പേര്, വിശ്വപ്രസിദ്ധ എഴുത്തുകാരന്‍ വില്യം ഷേക്സ്പിയറിന്‍റെ 'റോമിയോ ആന്റ് ജൂലിയറ്റ്' എന്ന നാടകത്തിലെ പ്രധാന കഥാപാത്രത്തിന്‍റേതാണ്; വര്‍ഷങ്ങള്‍ക്കിപ്പുറവും ലോകം വാഴ്ത്തുന്ന പ്രണയത്തിന്‍റെ അനശ്വര പ്രതീകമായ റോമിയോ.

ഷേക്സ്പിയറിന്റെ റോമിയോ വെറുമൊരു പൂവാലനോ ?

എന്തുകൊണ്ടാണ് സക്വാഡിന് 'ആന്‍റി റോമിയോ' എന്ന പേരിട്ടതെന്ന് അന്വേഷിച്ച മാധ്യമപ്രവര്‍ത്തകരോട് റോമിയോ ജൂലിയറ്റ് പ്രണയകഥ പാശ്ചാത്യരുടെ സംസ്‌കാരമാണെന്നും അത്തരമൊരു സംസ്‌കാരമല്ല ഇന്ത്യയുടേതെന്നുമായിരുന്നു അധികൃതരുടെ മറുപടി. എന്താണ് പിന്നെ റോമിയോ ജൂലിയറ്റ് പ്രണയകഥ മുന്നോട്ട് വെക്കുന്ന സംസ്കാരം?

സാഹിത്യ ചരിത്രകാരന്‍മാരുടെ കണക്കനുസരിച്ച് ഏകദേശം 420വര്‍ഷത്തോളം പഴക്കമുണ്ട് റോമിയോ ജൂലിയറ്റ് പ്രണയകഥക്ക്. എന്നിട്ടും ഈ പുതുതലമുറയിലും റോമിയോയെയും ജൂലിയറ്റിനെയും അറിയാത്ത പ്രണയികളുണ്ടാവില്ല. ലോകപ്രസിദ്ധ എഴുത്തുകാരനും നാടകകൃത്തുമായ ഇംഗ്ലീഷ് കവി വില്യം ഷേക്സ്പിയറിന്‍റെ ഏറ്റവും പ്രശസ്തമായ നാടകങ്ങളിലൊന്നാണ് റോമിയോ ആന്റ് ജൂലിയറ്റ്. അദ്ദേഹത്തിന്‍റെ ജീവിതകാലത്ത് 'ഹാംലറ്റ്' എന്ന നാടകത്തിനൊപ്പം തന്നെ, എറെ പ്രശസ്തി നേടിക്കൊടുക്കുകയും ഏറ്റവുമധികം അവതരിപ്പിക്കപ്പെടുകയും ചെയ്ത നാടകം.

കടുത്ത ശത്രുതയിലായിരുന്ന രണ്ടു കുടുംബങ്ങളിലാണ്‌ റോമിയോയും ജൂലിയറ്റും ജനിച്ചത്‌. അതുകൊണ്ടു തന്നെ അവര്‍ക്ക്‌ ഒന്നിക്കാന്‍ സാധിച്ചില്ല. ജൂലിയറ്റിന്‍റെ വിവാഹം അവളുടെ വീട്ടുകാര്‍ കൗണ്ട്‌ പാരീസുമായി ഉറപ്പിച്ചു. ഇതോടെ ജൂലിയറ്റ്‌ സഹായത്തിനായി ബിഷപ്പായ ഫ്രയര്‍ ലോറന്‍സിനെ സമീപിച്ചു. 24 മണിക്കൂര്‍ അബോധാവസ്‌ഥയില്‍ അകപ്പെടുന്ന ഒരു മരുന്ന്‌ അദ്ദേഹം ജൂലിയറ്റിന്‌ നല്‍കി. ജൂലിയറ്റ് ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ ഒന്നിക്കാനായി ഒരു സന്ദേശം അദ്ദേഹം റോമിയോക്ക് അയക്കുകയും ചെയ്തു.

ഷേക്സ്പിയറിന്റെ റോമിയോ വെറുമൊരു പൂവാലനോ ?

തന്‍റെ വിവാഹത്തലേന്ന്‌ ജൂലിയറ്റ്‌ മരുന്ന്‌ കഴിച്ചു. നിര്‍ഭാഗ്യവശാല്‍ റോമിയോക്ക്‌ സന്ദേശം ലഭിച്ചില്ല. പകരം ജൂലിയറ്റ് മരണപ്പെട്ടുവെന്ന വാര്‍ത്തയാണ് റോമിയോയെ തേടിയെത്തിയത്. ജൂലിയറ്റിന്‍റെ കല്ലറയിലെത്തിയ റോമിയോ അവിടെയുണ്ടായിരുന്ന കൗണ്ട്‌ പാരീസിനെ വധിക്കുകയും പിന്നീട് സ്വയം കുത്തി മരിക്കുകയും ചെയ്തു. ഉറക്കമുണര്‍ന്ന ജൂലിയറ്റ്‌ കണ്ടത്‌ മരിച്ചു കിടക്കുന്ന റോമിയോയെയാണ്‌. പ്രിയതമന്‍റെ മരണത്തില്‍ മനംനൊന്ത് ജൂലിയറ്റും ആത്മഹത്യ ചെയ്‌തു.

ഇവിടെ റോമിയോകളെ ഉന്മൂലനം ചെയ്യുക എന്നതാണ് യുപി സര്‍ക്കാര്‍ സ്ക്വാഡിന്റെ ദൌത്യം. അതാണല്ലോ ‍'ആന്‍റി റോമിയോ' സ്ക്വാഡ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അപ്പോള്‍ സ്ക്വാഡിലൂടെ പോലീസ് പിടികൂടുന്നവരെല്ലാം റോമിയോകളാണ്. അതായത് സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍. അങ്ങിനെയെങ്കില്‍ സ്ത്രീകളെ ശല്യം ചെയ്യുന്നവനായിരുന്നോ റോമിയോ?. മറ്റൊരു വിരോധാഭാസമെന്നത്, പൊലീസിന്‍റെ അനുഭവ പരിചയം വച്ച് ഒരാളെ പൂവാലനാണെന്ന് തിരിച്ചറിയാന്‍ സാധിക്കുമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ വാദമാണ്. ഇതുകൊണ്ടെല്ലാം തന്നെ പോലീസ് സദാചാര ഗുണ്ടകളായി മാറുകയാണെന്നാണ് ‍'ആന്‍റി റോമിയോ' സ്ക്വാഡിനെക്കുറിച്ച് പൊതുവെയുള്ള വിലയിരുത്തല്‍.

പ്രണയിനിയെ ജീവനുതുല്യം സ്നേഹിക്കുകയും പ്രണയത്തിനുവേണ്ടി ജീവന്‍ ത്യജിക്കുകയും ചെയ്ത റോമിയോയുടെ സംസ്കാരമാണോ, റോമിയോയെ വെറുമൊരു പൂവാലനായി ചിത്രീകരിക്കുന്ന സംഘപരിവാര്‍ വ്യാഖ്യാനമാണോ ശരിയെന്നത് വലിയൊരു ചോദ്യമാണ്.