LiveTV

Live

National

മണിപ്പൂരിലെ സ്വതന്ത്ര എംഎല്‍എയെ ബിജെപി 'ഒളിപ്പിച്ചു'

മണിപ്പൂരിലെ സ്വതന്ത്ര എംഎല്‍എയെ ബിജെപി 'ഒളിപ്പിച്ചു'
Summary
നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മണിപ്പൂരില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായത് കോണ്‍ഗ്രസാണ്.

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മണിപ്പൂരില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായത് കോണ്‍ഗ്രസാണ്. എന്നാലിപ്പോള്‍ മണിപ്പൂര്‍ ഭരിക്കാന്‍ കഴിയുമോയെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് 28 സീറ്റും ബിജെപി 21 സീറ്റുമാണ് നേടിയത്. അറുപത് അംഗ നിയമസഭയില്‍ നാല് വീതം സീറ്റുകള്‍ നേടിയ നാഗാപീപ്പിള്‍സ് പാര്‍ട്ടിയും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും ഒരു സീറ്റ് നേടിയ ലോക്ജന്ശക്തി പാര്‍ട്ടിയും ബിജെപിക്ക് ഒപ്പം നില്‍ക്കുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ ജിരിബാം നിയോജകമണ്ഡലത്തില്‍ നിന്ന് വിജയിച്ച സ്വതന്ത്രസ്ഥാനാര്‍ഥി അസ്ഹാബുദ്ദീന്റെ നിലപാടിലായി ഇരുപാര്‍ട്ടികളുടെയും ഭരണപ്രതീക്ഷകള്‍.

മണിപ്പൂരിലെ സ്വതന്ത്ര എംഎല്‍എയെ ബിജെപി 'ഒളിപ്പിച്ചു'

ഇതിനിടെയാണ് അസ്ഹാബുദ്ദീനെ ബിജെപി നേതൃത്വം ഒളിപ്പിച്ചതായുള്ള ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തുവന്നിരിക്കുന്നത്. ജനാധിപത്യ സംവിധാനത്തെ അട്ടിമറിച്ച് അപകടകരമായ കളിയാണ് ബിജെപി നടത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇംഫാല്‍ വിമാനത്താവളത്തിലെ സിഐഎസ്എഫിനെ ദുരുപയോഗം ചെയ്താണ് അസ്ഹാബുദ്ദീനെ ബിജെപി നേതൃത്വം കടത്തിയെന്നും ആരോപണമുണ്ട്. ഇംഫാല്‍ വിമാനത്താവളത്തില്‍ നിന്നു അസ്ഹാബുദ്ദീനെ കസ്റ്റഡിയിലെടുത്ത സിഐഎസ്എഫ് സംഘം ഇദ്ദേഹത്തെ കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോയതായും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സര്‍ജേവാല പറഞ്ഞു. മോദി സര്‍ക്കാരിന്റെ ഈ കളി ജനാധിപത്യത്തിന് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണ ഉറപ്പാക്കാമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസിനുള്ളത്. അങ്ങനെ വരുമ്പോള്‍ ബിജെപിയെ പിന്തുണക്കുന്നവര്‍ മുപ്പതും കോണ്‍ഗ്രസിനെ പിന്തുണക്കുന്നവര്‍ 29ഉം എന്നതിലേക്കായിരിക്കും കക്ഷി നില എത്തിച്ചേരുക. ആ രീതിയില്‍ വന്നാല്‍ സ്വതന്ത്രസ്ഥാനാര്‍ഥിയുടെ നിലപാടായിരിക്കും നിര്‍ണായകമാവുക. സ്വതന്ത്രന്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചാല്‍ മണിപ്പൂരില്‍ ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതെ വരും. ബിജെപിക്കൊപ്പം നിന്നാല്‍ കേവല ഭൂരിപക്ഷത്തിനാവശ്യമായ 31 എന്ന സഖ്യയിലേക്ക് എത്താന്‍ ബിജെപിക്കാവും. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് തട്ടിക്കൊണ്ട് പോകല്‍ നടന്നിരിക്കുന്നത്.