LiveTV

Live

National

വോട്ട് ചോദിച്ച് ഈ വഴി വരരുത്‍... യുപിയില്‍ ബിജെപിയെ വിറപ്പിച്ച് ജാട്ട് സമുദായം

വോട്ട് ചോദിച്ച് ഈ വഴി വരരുത്‍... യുപിയില്‍ ബിജെപിയെ വിറപ്പിച്ച് ജാട്ട് സമുദായം
Summary
അടുത്തമാസം ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ച് ജാട്ട് സമുദായം.
വോട്ട് ചോദിച്ച് ഈ വഴി വരരുത്‍... യുപിയില്‍ ബിജെപിയെ വിറപ്പിച്ച് ജാട്ട് സമുദായം

അടുത്തമാസം ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ച് ജാട്ട് സമുദായം. മുസഫര്‍നഗറിലെ ഖരാദില്‍ ഒത്തുചേര്‍ന്ന യുപിയില്‍ നിന്നും ഹരിയാനയില്‍ നിന്നുള്ള ഖാപ്പ് നേതാക്കളും ആയിരക്കണക്കിന് വരുന്ന ജാട്ടുകളുമാണ് ഇക്കാര്യം തറപ്പിച്ചു പറയുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ നട്ടെല്ലായിരുന്നു ജാട്ട് വോട്ടുകള്‍.

എന്നാല്‍ തമ്മിത്തല്ലിച്ച് ചോര കുടിക്കുന്ന ബിജെപിയുടെ തനിനിറം മനസിലായെന്നും ഇനി സഹകരണം പ്രതീക്ഷിച്ച് ഈ വഴി വരരുതെന്നുമാണ് ജാട്ടുകളുടെ നയം. മുസഫര്‍നഗര്‍ ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ഫെബ്രുവരി 11 നാണ് ഒന്നാംഘട്ട ജനവിധി. കര്‍ഷക മേഖലയിലെ ജാട്ടുകള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപിയോടും കൂടുതല്‍ രോഷം. മോദിയുടെ ഭരണകാലത്ത് വിളവെടുത്ത നെല്ല് കട ബാധ്യത തീര്‍ക്കാന്‍ മാത്രമാണ് ഉപകരിക്കപ്പെട്ടതെന്നും വൈക്കോല്‍ വെറുതെ കൊടുത്ത് ഒഴിവാക്കേണ്ടി വന്നുവെന്നുമാണ് ജാട്ട് വിഭാഗം കര്‍ഷകന്റെ പരിദേവനം. കര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായ വില ലഭിക്കാത്തതും നോട്ട് നിരോധവുമെല്ലാം ബിജെപി വിരുദ്ധതക്ക് കാരണമായി.

വോട്ടിന് വേണ്ടി മാത്രം ഉപയോഗിക്കപ്പെടുന്ന തങ്ങള്‍ ഇനി ബിജെപിയെ തറപറ്റിക്കാന്‍ മാത്രമെ വോട്ടു ചെയ്യുകയുള്ളുവെന്നും ജാട്ട് വിഭാഗം ഉറപ്പിച്ചുപറയുന്നു. മുസഫര്‍ നഗറില്‍ നടന്ന റാലിയില്‍ ജാട്ടുകളിലെ മുസ്‍ലിം വിഭാഗവും അണിനിരന്നിരുന്നു. മുസഫര്‍നഗര്‍ കലാപത്തിന്റെ ദുരിതം മുഴുവന്‍ പേറിയത് ഇതിനു തിരികൊളുത്തിയവരല്ലെന്നും തങ്ങളാണെന്നും ജാട്ടുകള്‍ പറഞ്ഞു. തങ്ങളെ തമ്മിത്തല്ലിച്ച് ലാഭം കൊയ്യുന്ന ബിജെപിയുടെ തന്ത്രം ഇനി നടപ്പില്ല. മുസഫര്‍നഗര്‍ കലാപംകൊണ്ടുണ്ടായ വര്‍ഗീയ ഗുണം ബിജെപി ആവോളം സ്വന്തമാക്കി. ഇതിന് തങ്ങളുടെ മക്കളെയാണ് ബലികൊടുക്കേണ്ടിവന്നത്. നേതാക്കള്‍ മന്ത്രിമാര്‍ ആയപ്പോള്‍ ഈ വഴി കാണാനില്ലെന്നും തങ്ങളെ സഹായിക്കാന്‍ അവര്‍ക്ക് സമയമില്ലെന്നും അവര്‍ പറഞ്ഞു.