LiveTV

Live

National

ജയ തളര്‍ന്നത് 2014ലെ ജയില്‍ വാസത്തിന് ശേഷം, അവസാന പൊതുചടങ്ങിനായി ഓഫീസിലെത്തിയത് വീല്‍ചെയറില്‍

ജയ തളര്‍ന്നത് 2014ലെ ജയില്‍ വാസത്തിന് ശേഷം, അവസാന പൊതുചടങ്ങിനായി ഓഫീസിലെത്തിയത് വീല്‍ചെയറില്‍
Summary
ജയില്‍വാസ കാലത്ത് ഡോക്ടര്‍മാരെ കാണാനോ ഡോക്ടര്‍മാരുടെ കുറിപ്പ് പങ്കുവയ്ക്കാനോ ജയലളിത വിസമ്മതിച്ചിരുന്നു. ചില മുതിര്‍ന്ന നേതാക്കളും ഉദ്യോഗസ്ഥരും സമ്മര്‍ദം ചെലുത്തിയ ശേഷമാണ് നിലപാട്.....


ജയലളിതയുടെ അനാരോഗ്യം തമിഴ്നാട്ടില്‍ ഒരിക്കലും ഒരു സംസാര വിഷയമായിരുന്നില്ല 2014 സെപ്റ്റംബറിലെ ജയില്‍ വാസം വരെ. എട്ടു മാസത്തെ കാലയളവിലാണ് അന്ന് ജയലളിത ജയിലില്‍ കഴിഞ്ഞത്. ജയില്‍ വാസത്തിനു ശേഷം പുറത്തുവന്നത് മറ്റൊരു ജയലളിതയായിരുന്നുവെന്ന് അടുത്ത വൃത്തങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. സ്വന്തം വ്യക്തി ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കാന്‍ പിന്നീട് ജയ ആരെയും അനുവദിച്ചിരുന്നില്ല. സ്വകാര്യത മുറുകെ പിടിച്ചാണ് ജയലളിത പിന്നീട് ചലിച്ചതെന്നതിനാല്‍ അവരുടെ അസുഖത്തെ കുറിച്ചുള്ള ശരിയായ വിവരങ്ങള്‍ ആര്‍ക്കും അറിയുമായിരുന്നില്ല..

അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതിന് രണ്ട് ദിവസം മുന്പ് അതാതയത് സെപ്റ്റംബര്‍ 20നാണ് ജയ അവസാനമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. ചെന്നൈ എയര്‍പോര്‍ട്ട് മെട്രോ സ്റ്റേഷന്‍റെ പുതിയ പാതയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനായി കേന്ദ്ര മന്ത്രിമാരായ വെങ്കയ്യ നായിഡുവും പൊന്‍ രാധാകൃഷ്ണനും ചടങ്ങില്‍ പങ്കെടുക്കാനായി ഡല്‍ഹിയില്‍ നിന്നും ചെന്നയിലേക്ക് പറന്നെത്തിയപ്പോള്‍ ചെന്നെയില്‍ തന്നെയുണ്ടായിരുന്ന ജയ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് പരിപാടിയില്‍ പങ്കെടുത്തത്, അന്നു തന്നെ ജയലളിത തീര്‍ത്തും അവശയായിരുന്നുവെന്നും വീല്‍ചെയറിലാണ് മുഖ്യമന്ത്രിയുടെ ചേന്പറിലേക്ക് അവരെ എത്തിച്ചതെന്നും അവിടെ വച്ചാണ് വീഡിയോ ഷൂട്ട് ചെയ്തതെന്നും ജയലളിതയുടെ സുരക്ഷ സംഘത്തിലെ ഒരംഗം പിന്നീട് വെളിപ്പെടുത്തുകയും ചെയ്തു.

കര്‍ണാടക ജയിലില്‍ നിന്നും മോചിതയായ ശേഷം ജയലളിതയുടെ ആരോഗ്യസ്ഥിതി ക്രമേണ കുറഞ്ഞുവരികയായിരുന്നു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം പ്രധാന ചുമതലകളില്‍ നിന്നും ജയലളിത സ്വയം മാറി നിന്നിരുന്നുവെന്നും മുന്‍ ചീഫ് സെക്രട്ടറി ഷീല ബാലകൃഷ്ണനെപ്പോലുള്ള വിശ്വസ്തരാണ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നതെന്നും അടുത്തിടെ വിരമിച്ച ഒരു ഐഎ,എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു.

ആരോഗ്യസ്ഥിതിയില്‍ കാര്യമായ കോട്ടം തട്ടിയതോടെ സുരക്ഷ പ്രോട്ടോക്കാളില്‍ മാറ്റം വരുത്തിയതിനെ കുറിച്ച് മറ്റൊരു ഉദ്യോഗസ്ഥന്‍ സൂചന നല്‍കി. വരവില്‍ കവിഞ്ഞ സ്വത്ത് സന്പാദിച്ച കേസില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തുന്നതിന് മുന്പുവരെ ജയലളിതക്കും സുരക്ഷ ഉദ്യോഗസ്ഥര്‍ക്കുമിടയിലുള്ള ദൂരം രണ്ടടിയായിരുന്നു. എന്നാല്‍ ജയില്‍ ജീവിതത്തിനു ശേഷം അവര്‍ അവശയായപ്പോലെ തോന്നി. സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും ജയലളിതക്കുമിടയിലുള്ള ദൂരം ഇതോടെ ഒരടിയായി കുറച്ചു. അടിയന്തര ഘടങ്ങളില്‍ ഞങ്ങള്‍ക്ക് അവരെ സഹായിക്കാനാകുമെന്ന ധാരണയിലായിരുന്നു ആ മാറ്റം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഏറെനേരം എഴുന്നേറ്റ് നില്‍ക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടായിരുന്നു. പൊതുയോഗങ്ങളില്‍ സ്റ്റേജിലെത്താന്‍ അവര്‍ ലിഫ്റ്റിന്‍റെ സഹായം തേടിയിരുന്നു. ഇരുന്നായിരുന്നു അവരുടെ പ്രസംഗം.

2014ലെ ജയില്‍വാസമാണ് ജയയുടെ ആരോഗ്യത്തെ ഉലച്ചതെന്ന് തമിഴ്നാട്ടിലെ ഒരു മുന്‍ മന്ത്രി തന്നെ സാക്ഷ്യപ്പെടുത്തുന്നു. ജയില്‍വാസ കാലത്ത് ഡോക്ടര്‍മാരെ കാണാനോ ഡോക്ടര്‍മാരുടെ കുറിപ്പ് പങ്കുവയ്ക്കാനോ ജയലളിത വിസമ്മതിച്ചിരുന്നു. ചില മുതിര്‍ന്ന നേതാക്കളും ഉദ്യോഗസ്ഥരും സമ്മര്‍ദം ചെലുത്തിയ ശേഷമാണ് നിലപാട് മാറ്റാന്‍ അവര്‍ തയ്യാറായത്. ഒരിക്കലും ഒറ്റക്കല്ലെന്ന് ജയയോട് ആവര്‍ത്തിച്ചു പറഞ്ഞും ജയിലിനു മുന്നില്‍ കിടന്നുറങ്ങിയും തങ്ങള്‍ പരമാവധി പിന്തുണ അറിയിച്ചിട്ടും ജയില്‍ വിട്ട് പുറത്തിറങ്ങിയ അമ്മ പഴയ അമ്മയായിരുന്നില്ല. ജാമ്യമോ കേസില്‍ നിന്നും ഒഴിവാക്കലോ ജയയില്‍ സന്തോഷമുണ്ടാക്കിയിരുന്നില്ല.