LiveTV

Live

National

മോണിറ്ററി പോളിസി കമ്മിറ്റിക്ക് ധനകാര്യ മന്ത്രാലയത്തിന്റെ അംഗീകാരം

മോണിറ്ററി പോളിസി കമ്മിറ്റിക്ക് ധനകാര്യ മന്ത്രാലയത്തിന്റെ അംഗീകാരം
Summary
ആർബിഐ ഗവർണറടക്കം ആറ് അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്

പലിശ നിരക്ക് നിശ്ചയിക്കുന്ന മോണിറ്ററി പോളിസി കമ്മിറ്റിക്ക് ധനകാര്യ മന്ത്രാലയത്തിന്റെ അംഗീകാരം. ആർബിഐ ഗവർണറടക്കം ആറ് അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്. ഒക്ടോബര്‍ നാലിന് സമിതി ആദ്യ യോഗം ചേരും.

ചില്ലറ വ്യാപാര മേഖലയിലെ പണപ്പെരുപ്പ നിരക്ക് നിരീക്ഷിക്കാനും പലിശനിരക്കുകള്‍ തീരുമാനിക്കാനും മോണിറ്ററി പോളിസി കമ്മിറ്റിക്ക് പൂര്‍ണ അധികാരമുണ്ടായിരിക്കും. 1934ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് മോണിറ്ററി പോളിസി കമ്മിറ്റിക്ക് രൂപം കൊടുത്തിരിക്കുന്നത്. കമ്മിറ്റിയില്‍ മൂന്ന് ആര്‍ബിഐ പ്രതിനിധികളും മൂന്ന് സര്‍ക്കാര്‍ പ്രതിനിധികളുമാണുള്ളത്. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യാപകന്‍ ചേതന്‍ ഘട്ടെ, ഡല്‍ഹി സ്കൂള്‍ ഓഫ് എക്കണോമിക്സ് ഡയറക്ടര്‍ പാമി ദുവ, അഹമ്മദബാദ് ഐഐഎം അധ്യാപകന്‍ രവീന്ദ്ര ധൊലാക്കിയ എന്നിവരാണ് കാബിനറ്റ് നിര്‍ദ്ദേശിച്ച അംഗങ്ങള്‍. ഇവരുടെ നിയമന കാലാവധി 4 വര്‍ഷമായിരിക്കും. ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേലിനെക്കൂടാതെ ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്‍ ഗാന്ധി, എക്സിക്യുട്ടീവ് ഡയറക്ടര്‍ മൈക്കല്‍ പട്ര എന്നിവരാണ് റിസര്‍വ് ബാങ്കില്‍ നിന്നുള്ള അംഗങ്ങള്‍.

സമിതി നിലവില്‍ വന്നതോടെ അടുത്ത മൂന്ന് മാസത്തേക്കുള്ള പലിശനിരക്ക് അടക്കമുള്ള റിസര്‍വ് ബാങ്ക് നയങ്ങള്‍ ഒക്ടോബര്‍ നാലിന് ചേരുന്ന ആദ്യയോഗത്തില്‍ തീരുമാനിക്കും. സമിതിയില്‍ തുല്യ അഭിപ്രായം വന്നാല്‍ ഗവര്‍ണര്‍ക്ക് കാസ്റ്റിങ് വോട്ട് ചെയ്യാനുള്ള അധികാരമുണ്ടായിരിക്കും. എന്നാല്‍ ഭൂരിപക്ഷത്തിന്റെ തീരുമാനത്തെ വീറ്റോ ചെയ്യാനുള്ള അധികാരം റിസർവ്വ്‌ ബാങ്ക്‌ ഗവർണര്‍ക്കുണ്ടാവില്ല. നയങ്ങള്‍ തീരുമാനിക്കാന്‍ സമിതി രൂപീകരിക്കുന്നത് നയങ്ങള്‍ക്ക് കൂടുതല്‍ സുതാര്യത നല്‍കുമെന്ന് ധനകാര്യമന്ത്രാലയം പ്രസ്താവനയില്‍ അവകാശപ്പെട്ടു. ഒരു വര്‍ഷത്തില്‍ നാല് പ്രാവശ്യമെങ്കിലും മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരും. പലിശനിരക്ക് ഉള്‍പ്പടെയുള്ള നിര്‍ണായക സാമ്പത്തിക കാര്യങ്ങളില്‍ റിസര്‍വ് ബാങ്കിനുണ്ടായിരുന്ന അധികാരം കമ്മിറ്റി രൂപീകരണത്തോടെ ഇല്ലാതാവുകയാണ്.