LiveTV

Live

National

ത്രിദിന പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ബംഗളൂരുവില്‍

ത്രിദിന പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ബംഗളൂരുവില്‍
Summary
ജനുവരി ഏഴു മുതല്‍ ഒമ്പതു വരെ തീയതികളില്‍ നടക്കുന്ന സമ്മേളനം ഗള്‍ഫ് തൊഴില്‍ പ്രതിസന്ധി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷ

ത്രിദിന പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ബംഗളൂരുവില്‍ നടക്കും. ജനുവരി ഏഴു മുതല്‍ ഒമ്പതു വരെ തീയതികളില്‍ നടക്കുന്ന സമ്മേളനം ഗള്‍ഫ് തൊഴില്‍ പ്രതിസന്ധി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷ.

പ്രവാസികാര്യ വകുപ്പ് പിരിച്ചുവിട്ടതിനു പുറമെ എല്ലാ വര്‍ഷവും ജനുവരി രണ്ടാം വാരത്തില്‍ നടന്നു വന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഒന്നിടവിട്ട വര്‍ഷങ്ങളിലേക്ക് മാറ്റാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത് ഏറെ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് പോയ വര്‍ഷം സമ്മേളനം റദ്ദാക്കുകയും ചെയ്തു. ഗുജറാത്തിലെ ഗാന്ധിനഗറില്‍ 2014ല്‍ ആയിരുന്ന അവസാനമായി പ്രവാസി സമ്മേളനം ചേര്‍ന്നത്.

പ്രവാസി ഭാരതീയ ദിവസിന്റെ പതിനഞ്ചാമത് സമ്മേളനത്തിനാണ് ബംഗളൂരുവില്‍ വേദിയാവുക. പ്രവാസി മന്ത്രാലയം പുന:സ്ഥാപിക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സമ്മേളനത്തില്‍ ഉന്നയിക്കാനാണ് പ്രവാസി സംഘടനകളുടെ നീക്കം. സമ്മേളനം വെട്ടിച്ചുരുക്കിയെങ്കിലും പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുത്ത് അടുത്തിടെ ദല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. വിപുലമായ പ്രവാസി സമ്മേളനത്തേക്കാള്‍ ഇത്തരം ചര്‍ച്ചകളാണ് ഗുണകരമെന്ന് വിലയിരുത്തുന്നവരും പ്രവാസ ലോകത്തുണ്ട്.

മുമ്പൊരിക്കലും ഇല്ലാത്തവിധം ഗള്‍ഫ് തൊഴില്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ബംഗളൂരു സമ്മേളനം എന്ന പ്രത്യേകത കൂടിയുണ്ട്. സമഗ്ര പുനരധിവാസ പദ്ധതി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്രനിലപാട് ബംഗളൂരു സമ്മേളനത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും. സമ്മേളന ഭാഗമായി പ്രവാസി ഭാരതീയ പുരസ്കാരത്തിന് അര്‍ഹരായ വ്യക്തികളെ കണ്ടത്തൊനുള്ള പ്രക്രിയക്കും ഗള്‍ഫ് നയതന്ത്ര കേന്ദ്രങ്ങളുടെ മേല്‍നോട്ടത്തില്‍ തുടക്കം കുറിച്ചിട്ടുണ്ട്.