LiveTV

Live

National

ചെങ്കോട്ടയെ അഞ്ചുവര്‍ഷത്തേക്ക് ഡാല്‍മിയ ഭാരത് ഗ്രൂപ്പ് ദത്തെടുത്തു

ചെങ്കോട്ടയെ അഞ്ചുവര്‍ഷത്തേക്ക് ഡാല്‍മിയ ഭാരത് ഗ്രൂപ്പ് ദത്തെടുത്തു
Summary
അതേസമയം രാജ്യത്തെ പൈതൃകസ്ഥാപനങ്ങള്‍ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് സിപിഎം ആവശ്യപ്പെട്ടു

ഇന്ത്യയുടെ അഭിമാനമായ ചെങ്കോട്ട ഇനി അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഡാല്‍മിയ ഭാരത് ഗ്രൂപ്പിന്റെ കയ്യില്‍. കേന്ദ്രസര്‍ക്കാരിന്റെ പൈതൃകസ്ഥാപനങ്ങള്‍ ദത്തെടുക്കല്‍ പദ്ധതിപ്രകാരമാണ് ചെങ്കോട്ടയുടെ പരിപാലന നിയന്ത്രണാവകാശം ഡാല്‍മിയ ഭാരത് ഗ്രൂപ്പ് സ്വന്തമാക്കിയത്. എന്നാല്‍ രാജ്യത്തെ പൈതൃകസ്ഥാപനങ്ങള്‍ കോര്‍പറേറ്റ്‌വത്ക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് സിപിഎം ആവശ്യപ്പെട്ടു.

ഇതാദ്യമായാണ് രാജ്യത്തെ ഒരു ചരിത്രസ്മാരകം കോര്‍പറേറ്റ് സ്ഥാപനം സ്വന്തമാക്കുന്നത്. വാശിയേറിയ ലേലത്തിനൊടുവില്‍ ഇന്‍ഡിഗോ എയര്‍ലെന്‍സ്, ജിഎംആര്‍ സ്‌പോര്‍ട്‌സ് എന്നിവരെ പിന്തള്ളി 25 കോടി രൂപയ്ക്കാണ് ചെങ്കോട്ട ഡാലല്‍മിയ ഭാരത് ഗ്രൂപ്പ് സ്വന്തമാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ 2017 ല്‍ കൊണ്ടുവന്ന പൈതൃകസ്ഥാപനങ്ങളെ ദത്തെടുക്കല്‍ പദ്ധതിപ്രകാരമാണ് ചെങ്കോട്ടയെ ഡാല്‍മിയ ഗ്രൂപ്പ് സ്വന്തമാക്കിയത്.

അടുത്ത 5 വര്‍ഷത്തേക്ക് ചെങ്കോട്ടയുടെ സംരക്ഷണവും നിയന്ത്രണവുമെല്ലാം ഡാല്‍മിയ ഭാരത് ഗ്രൂപ്പിന്റെ ഉത്തരവാദിത്വമാണ്. ഇതുസംബന്ധിച്ച കരാറില്‍ കമ്പനിയും ടൂറിസം, സാസ്‌ക്കാരിക വകുപ്പ് മന്ത്രാലയവും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയും ഒപ്പുവെച്ചു. ഇപ്പോള്‍ അഞ്ച് വര്‍ഷത്തേക്കാണ് കരാറെങ്കിലും പിന്നീട് പരസ്പരധാരണയോടെ കാലാവധി നീട്ടാമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

ചെങ്കോട്ടയ്ക്കകത്ത് സാംസ്‌ക്കാരിക പരിപാടികളും സംഗീതനിശകളുമെല്ലാം സംഘടിപ്പിച്ച് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്നും കമ്പനി അറിയിച്ചു. 30 ദിവസത്തിനകം നവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ നിര്‍ദേശപ്രകാരം പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മിച്ച ചെങ്കോട്ടയിലാണ് സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി രാഷ്ട്രപതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യുക.

അതേസമയം രാജ്യത്തെ പൈതൃകസ്ഥാപനങ്ങള്‍ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പരിശോധിച്ച പാര്‍ലമെന്റ് സമിതി ഇതിനെ ഏകകണ്ഠമായി എതിര്‍ത്തതാണെന്നും സിപിഎം വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടി.