LiveTV

Live

National

ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ

ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക്  ഇടക്കാല സ്റ്റേ
Summary
ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈക്കോടതി വിധി ഏപ്രില്‍ 27വരെ സ്റ്റേ ചെയ്തു.
ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക്  ഇടക്കാല സ്റ്റേ

ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ഈ മാസം 27 വരെയാണ് സ്റ്റേ. ഹൈക്കോടതി വിധി പകര്‍പ്പ് ലഭ്യമാകുന്നതിന് മുമ്പ് വിധി നടപ്പിലാക്കിയത് ശരിയല്ലെന്ന സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടിയാണ് കോടതി സ്റ്റേ അനുവദിച്ചത്. എന്നാല്‍ രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പാടില്ലെന്ന് കോടതി പറഞ്ഞു.

രാഷ്ട്രപതി ഭരണം റദ്ദാക്കി ഇന്നലെയാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിറക്കിയത്. ഇതിനെതിരെ അപ്പീല്‍ നല്‍കാന്‍ വിധിപ്പകര്‍പ്പ് ലഭ്യമായില്ലെന്ന് അറ്റോര്‍ണി ജനറല്‍ മുകള്‍ റോഹ്ത്തകി സുപ്രിം കോടതിയെ അറിയിച്ചു. വാമൊഴിയില്‍ പറഞ്ഞ ഉത്തരവ് എഴുത്ത് രൂപത്തില്‍ പുറത്തിറക്കും മുമ്പ് നടപ്പാക്കിത്തുടങ്ങിയെന്നും ഹരീഷ് റാവത്ത് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത് മന്ത്രിസഭ യോഗം വിളിച്ച് ചേര്‍ത്തുവെന്നും എജി പറഞ്ഞു. ഇത് കീഴ്വഴക്കങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇത്തരം സാഹചര്യങ്ങളില്‍ വിധിക്ക് സ്റ്റേ അനുവദിക്കാമെന്ന് മുന്‍കാല സുപ്രിം കോടതി ഉത്തരവുകള്‍ വ്യക്തമാക്കുന്നുണ്ടെന്നും അറ്റോര്‍ണി ജനറല്‍ വാദിച്ചു. ഉത്തരവിന്റെ പകര്‍പ്പ് പോലും ലഭിക്കാത്ത സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അപ്പീല്‍ പോലും പരിഗണിക്കാന്‍ കഴിയില്ലെന്നും ഹരജി തിങ്കളാഴ്ച്ചത്തേക്ക് മാറ്റിവെക്കണമെന്നുമാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് വേണ്ടി ഹാജരായ മനു അഭിഷേഷ് സിംഗ്വി വാദിച്ചത്.

എന്നാല്‍ എജിയുടെ വാദം പരിഗണിച്ച് താല്‍ക്കാലിക സ്റ്റേ നല്‍കാന്‍ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ രണ്ടംഗ ബെഞ്ച് ഉത്തരവിടുകയായിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ ശരി തെറ്റുകളിലേക്ക് കോടതി കടന്നിട്ടില്ല. ഉത്തരവിന്റെ പകര്‍പ്പ് കിട്ടി വിശദവാദം കേള്‍ക്കാന്‍ ഏപ്രില്‍ 27 ലേക്ക് ഹരജി മാറ്റിവെക്കുന്നുവെന്നും അതുവരെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയാണെന്നും കോടതി പറഞ്ഞു. അതേസമയം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം തിരിച്ച് വരുമെന്നും രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് പോലുള്ള നടപടികളിലേക്ക് പോകരുതെന്നും കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞു.