LiveTV

Live

National

നഗ്രോട്ട ആക്രമണത്തിന് പിന്നില്‍ പാകിസ്താന്‍; മുഖ്യസൂത്രധാരനെ എന്‍ഐഎ പിടികൂടി

നഗ്രോട്ട ആക്രമണത്തിന് പിന്നില്‍ പാകിസ്താന്‍; മുഖ്യസൂത്രധാരനെ എന്‍ഐഎ പിടികൂടി
Summary
ജെയ്ശെ മുഹമ്മദ് തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് മൊഴി.

നഗ്രോട്ട സൈനിക ക്യാമ്പ് ആക്രമണത്തിന് പാകിസ്താന്‍ സഹായം നല്‍കിയതായി ദേശീയ അന്വേഷണ ഏജന്‍സി. പിടിയിലായ കശ്മീര്‍ സ്വദേശി പാക് പങ്ക് സംബന്ധിച്ച് മൊഴി നല്‍കിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി പറയുന്നു. ജെയ്ശെ മുഹമ്മദ് തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് മൊഴി.

2016 നവംബര്‍ 29 ന് പുലര്‍ച്ചെയായിരുന്നു ജമ്മുവിലെ നഗ്രോട്ട സൈനിക ക്യാമ്പിനുനേരെ തീവ്രവാദി ആക്രമണം നടന്നത്. പൊലീസ് വേഷത്തിലെത്തിയ ജെയ്ശെ മുഹമ്മദ് തീവ്രവാദികള്‍ ക്യാമ്പിനകത്ത് പ്രവേശിച്ച് നടത്തിയ ആക്രമണത്തില്‍ 2 മേജര്‍മാരടക്കം 7 സൈനികര്‍ കൊലപ്പെടുകയും 3 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞദിവസം പിടിയിലായ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സയീദ് മുനീറുല്‍ ഹസന്‍ ഖദ്രിയാണ് ആക്രമണത്തിന് പിന്നിലെ പാക് ബന്ധം സംബന്ധിച്ച് ദേശീയ അന്വേഷണ ഏജന്‍സിക്ക് മൊഴി നല്‍കിയത്. പ്രദേശിക ജെയ്ശെ മുഹമ്മദ് തീവ്രവാദികള്‍ക്ക് പാകിസ്താന്‍ സഹായം നല്‍കി.

സാമ്പാ സെക്ടര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പാക് തീവ്രവാദികളും ആക്രമണത്തില്‍ പങ്കെടുത്തതായും ഖദ്രി മൊഴി നല്‍കി. ആക്രമണത്തില്‍ മൂന്ന് പാക് തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു. ഉറി ആക്രമണത്തിന് ശേഷം നടന്ന ഏറ്റവും വലിയ തീവ്രവാദി ആക്രമണമായിരുന്നു നെഗ്രോട്ടയിലേത്. മണിക്കൂറുകള്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് സൈനികക്യാമ്പിലെ റസിഡന്റ് ഏരിയയിലേക്ക് കടന്ന തീവ്രവാദികളെ സൈന്യം കീഴടക്കിയത്. ഇവരില്‍ നിന്ന് വന്‍തോതില്‍ ആയുധങ്ങളും വെടിമരുന്നുകളും കണ്ടെത്തിയിരുന്നു.