LiveTV

Live

National

മുഹമ്മദലി ജിന്ന എന്നും എപ്പോഴും മഹാപുരുഷനെന്ന് ബിജെപി എംപി

മുഹമ്മദലി ജിന്ന എന്നും എപ്പോഴും മഹാപുരുഷനെന്ന് ബിജെപി എംപി
Summary
ഉത്തര്‍പ്രദേശിലെ ബഹ്റൈക്കില്‍ നിന്നുള്ള ബിജെപി എംപിയാണ് സാവിത്രി.

പാകിസ്താന്‍റെ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയെ വാനോളം പുകഴ്‍ത്തി ബിജെപി എംപി സാവിത്രി ഭായ് ഫൂലെ. സ്വാതന്ത്ര്യ സമരത്തിലെ നിര്‍ണായക ശക്തിയായിരുന്നു ജിന്നയെന്നും അദ്ദേഹം മഹാനായ വ്യക്തിത്വമാണെന്നും അന്നും ഇന്നും എന്നും മഹാപുരുഷനാണെന്നുമാണ് അവര്‍ പറഞ്ഞത്. ഉത്തര്‍പ്രദേശിലെ ബഹ്റൈക്കില്‍ നിന്നുള്ള ബിജെപി എംപിയാണ് സാവിത്രി.

അനുയോജ്യമായ എല്ലായിടങ്ങളിലും ഇത്തരം മഹാപുരുഷന്‍മാരുടെ ചിത്രങ്ങള്‍ സ്ഥാപിക്കണമെന്നും സാവിത്രി ആവശ്യപ്പെട്ടു. അലിഗഢ് മുസ്‍ലിം സര്‍വകലാശാലയില്‍ ജിന്നയുടെ ചിത്രം സ്ഥാപിച്ചതിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ വന്‍ പ്രതിഷേധവുമായി രംഗത്തുവരികയും വലിയതോതില്‍ അക്രമങ്ങള്‍ക്ക് തിരികൊളുത്തുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ജിന്നയെ വാഴ്‍ത്തി ബിജെപി എംപിയുടെ പ്രസ്താവന. മുഹമ്മദാലി ജിന്ന വലിയ മനുഷ്യനായിരുന്നു. എക്കാലവും അത് അങ്ങനെ തന്നെ ആയിരിക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ഒരു പാട് സംഭാവനകള്‍ നല്‍കിയ ആളായിരുന്നു ജിന്നയെന്നും സാവിത്രി ഫൂലെ പറഞ്ഞു. അലിഗഢ് സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂണിയന്‍ ഓഫീസില്‍ 80 വര്‍ഷം മുമ്പ് സ്ഥാപിച്ച ജിന്നയുടെ ചിത്രത്തിനെതിരായ അലിഗഢിലെ ബിജെപി എംപി സതീഷ് ഗൌതം വൈസ് ചാന്‍സിലര്‍ക്ക് കത്തെഴുതിയിരിക്കുകയാണ്. ജിന്നക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്നായിരുന്നു വിഷയത്തില്‍ നേരത്തെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും വ്യക്തമാക്കിയത്.

നേരത്തെ യുപി മന്ത്രി സ്വാമി പ്രസാദ് മൌര്യയും ജിന്നയെ പ്രകീര്‍ത്തിച്ചിരുന്നു. ബിജെപി നേതൃത്വം ഇതിനെതിരെ രംഗത്തുവന്നതോടെ അദ്ദേഹം ഈ പ്രസ്താവന പിന്‍വലിക്കുകയാണ് ചെയ്തത്. എന്നാല്‍ ജിന്ന രാജ്യത്തെ വിഭജിച്ച വില്ലനാണെന്നും ബിജെപിയുടെ കാഴ്ചപ്പാടില്‍ യാതൊരു മാറ്റവും വന്നിട്ടില്ലെന്നും സാവിത്രിയുടെത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടി വക്താവ് രാകേഷ് ത്രിപാഠി പറഞ്ഞു.