LiveTV

Live

National

ബംഗാളില്‍ തെരഞ്ഞെടുപ്പിന് മുമ്പേ മൂന്നിലൊന്ന് സീറ്റും നേടി തൃണമൂല്‍ കോണ്‍ഗ്രസ്

ബംഗാളില്‍ തെരഞ്ഞെടുപ്പിന് മുമ്പേ മൂന്നിലൊന്ന് സീറ്റും നേടി തൃണമൂല്‍ കോണ്‍ഗ്രസ്
Summary
34 ശതമാനം സീറ്റുകളിലാണ് എതിര്‍ സ്ഥാനാര്‍ഥികളില്ലാത്തതു കൊണ്ട് മാത്രം തൃണമൂല്‍ കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചത്.

തെരഞ്ഞെടുപ്പുകളില്‍ എതിരാളികളില്ലാതെ വിജയിക്കുകയെന്നത് അത്ര സാധാരണമല്ല. എന്നാല്‍ പശ്ചിമ ബംഗാളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പാര്‍ട്ടി ഇവിടെ മൂന്നിലൊന്ന് സീറ്റുകളിലും വിജയം ഉറപ്പിച്ചു കഴിഞ്ഞു. 34 ശതമാനം സീറ്റുകളിലാണ് എതിര്‍ സ്ഥാനാര്‍ഥികളില്ലാത്തതു കൊണ്ട് മാത്രം തൃണമൂല്‍ കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചത്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ശനിയാഴ്ചയായിരുന്നു. 34 ശതമാനം സീറ്റുകളില്‍ തൃണമൂലിന് എതിരെ മത്സരിക്കാന്‍ പ്രതിപക്ഷം പോലും തയാറായില്ല. ഇതോടെ 58,692 പഞ്ചായത്ത് സീറ്റുകളില്‍ 20,000 ഓളം സീറ്റുകളില്‍ അനായാസം പിടിമുറുക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിനായി. ബംഗാളിന്‍റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയുമധികം സീറ്റുകളില്‍ ഒരു പാര്‍ട്ടി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നത്. ഈ സീറ്റുകളിലൊക്കെ എതിരാളികള്‍ മത്സരിക്കാന്‍ വിമുഖത കാണിക്കുകയോ പത്രിക പിന്‍വലിക്കുകയോ പത്രികയുടെ ആധികാരികതയില്‍ പരാജയപ്പെടുകയോ ചെയ്യുകയാണുണ്ടായത്.

എന്നാല്‍ ഭരണകക്ഷി പാര്‍ട്ടിയുടെ ഗുണ്ടകളുടെ ആക്രമണത്തെ തുടര്‍ന്ന് തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെന്നും ജനാധിപത്യത്തെ പരസ്യമായി വെല്ലുവിളിക്കുന്നതാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ നടപടിയെന്നും ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആധിര്‍ രഞ്ജന്‍ ചൌധരി പറഞ്ഞു. തങ്ങളുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒമ്പത് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക വാട്സ്ആപ്പിലൂടെയാണ് സ്വീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2013 ലും തൃണമൂല്‍ കോണ്‍ഗ്രസ് പത്തു ശതമാനം സീറ്റുകളില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.