LiveTV

Live

National

കത്‍വ കേസില്‍ പ്രതികള്‍ക്ക് അനുകൂലമായി തെരുവിലിറങ്ങിയ ബിജെപി എംഎല്‍എ ഇനി മന്ത്രി

കത്‍വ കേസില്‍ പ്രതികള്‍ക്ക് അനുകൂലമായി തെരുവിലിറങ്ങിയ ബിജെപി എംഎല്‍എ ഇനി മന്ത്രി
Summary
ബിജെപിയുടെ കവീന്ദര്‍ ഗുപ്ത ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

കത്‍വ ബലാത്സംഗക്കൊലപാതകത്തിലെ പ്രതികളെ പിന്തുണച്ച രണ്ട് മന്ത്രിമാര്‍ രാജിവെച്ചതിന് പിന്നാലെ ജമ്മുകശ്മീര്‍ മന്ത്രി സഭ പുനസംഘടിപ്പിച്ചു. ബിജെപിയുടെ കവീന്ദര്‍ ഗുപ്ത ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ബിജെപിയില്‍ നിന്ന് ആറും പിഡിപിയില്‍ നിന്നു രണ്ടും മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു.

രാജിവെച്ച മന്ത്രിമാര്‍ക്ക് ഒപ്പം പ്രതികള്‍ക്ക് അനുകൂലമായ പരിപാടിയില്‍ പങ്കെടുത്ത കത്‍വായിലെ എംഎല്‍എയെ മന്ത്രിയാക്കിയതിലൂടെ കേസില്‍ സര്‍ക്കാരിന്‍റെ നിലപാട് എന്താണെന്ന് ജമ്മു കശ്മീര്‍ പ്രതിപക്ഷ നേതാവ് ഒമര്‍ അബ്ദുല്ല ചോദിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് ശ്രീനഗറിലെ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എന്‍എന്‍ വൊഹ്റയാണ് പുതിയ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. നിയമസഭാ സ്പീക്കറായിരുന്ന കവീന്ദര്‍ ഗുപ്ത ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗാന്ധി നഗറില്‍ നിന്നുള്ള എംഎല്‍എയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സാത് ശര്‍മ്മ, കത്‍വായില്‍ നിന്നുള്ള എംഎല്‍എ രാജീവ് ജസ്റോത്തിയ, ദേവേന്ദര്‍ മണിയര്‍, ശക്തി പരിഹാര്‍ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഗതാഗത സഹമന്ത്രിയായിരുന്ന സുനില്‍ ശര്‍മ്മക്ക് കാബിനറ്റ് മന്ത്രിയായി സ്ഥാനകയറ്റം ലഭിച്ചു.

രാജിവെച്ച ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് പുതിയ സ്പീക്കറാകും. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനാണ് പുനഃസംഘടനയെന്ന് ബിജെപി വ്യക്തമാക്കി. പുല്‍വാമയില്‍ നിന്നുള്ള പിഡിപി എംഎല്‍എ മുഹമ്മദ് ഖലീല്‍ ബന്ദ്, സോനാവാറില്‍ നിന്നുള്ള മുഹമ്മദ് അഷ്റഫ് മിര്‍ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. കത്‍വ ലൈംഗിക പീഡനകൊലപാതക കേസിലെ പ്രതികള്‍ക്കായി ലാല്‍ സിങ്, ചന്ദര്‍ പ്രകാശ് ഗംഗ എന്നീ മന്ത്രിമാര്‍ പിന്തുണച്ചതാണ് സംസ്ഥാന മന്ത്രിസഭയില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കാന്‍ കാരണം. രണ്ട് പേരോടും രാജിയാവശ്യപ്പെട്ട പാര്‍ട്ടി പിന്നാലെ പുനഃസംഘടനയും നിശ്ചയിക്കുകയായിരുന്നു.