LiveTV

Live

National

വാക്സിനേഷനെടുത്ത മൂന്നു നവജാതശിശുക്കള്‍ മരിച്ചു

വാക്സിനേഷനെടുത്ത മൂന്നു നവജാതശിശുക്കള്‍ മരിച്ചു
Summary
വാക്സിനേഷനെടുത്തതിനെ തുടര്‍ന്ന് കുഞ്ഞുങ്ങള്‍ അവശനിലയിലാവുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ജാര്‍ഖണ്ഡിലെ പാലമൗ ജില്ലയില്‍ പ്രതിരോധ കുത്തിവയ്‍പ്പെടുത്ത മൂന്ന് നവജാതശിശുക്കള്‍ മരിച്ചു. ജപ്പാന്‍ മസ്തിഷ്കജ്വരം, മീസല്‍സ്, ഡിഫ്തീരിയ തുടങ്ങിയവക്കെതിരെ പ്രതിരോധ കുത്തിവയ്‍പ്പെടുത്ത കുഞ്ഞുങ്ങളാണ് മരിച്ചത്. മറ്റ് ആറ് കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്.

വാക്സിനേഷനെടുത്തതിനെ തുടര്‍ന്ന് കുഞ്ഞുങ്ങള്‍ അവശനിലയിലാവുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ നഴ്‍സിങ് ഹോം ഉപരോധിക്കുകയും ആരോഗ്യപ്രവര്‍ത്തകരെ തടഞ്ഞുവയ്ക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തില്‍ സ്ഥലത്തെത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ മരണകാരണം സംബന്ധിച്ച് വ്യക്തത വരാന്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് അറിയിച്ചു. അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നും അന്വേഷണത്തിന് ശേഷമെ മരണകാരണം സ്ഥിരീകരിക്കാനാകൂ എന്നും ഡോ. അനില്‍ കുമാര്‍ ശ്രീവാസ്തവ വ്യക്തമാക്കി.

മരിച്ച കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി രഘുബര്‍ ദാസ് പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണത്തിന് വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അപാകത കണ്ടെത്തിയാല്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ കടുത്ത നടപടികളെടുക്കുമെന്നും സ്ഥലം സന്ദര്‍ശിച്ച രാധാകൃഷ്ണ എംഎല്‍എ അറിയിച്ചു.