LiveTV

Live

National

ലതേഹാര്‍ ഇരട്ടകൊലപാതകം: അന്വേഷണം പൊലീസ് അട്ടിമറിച്ചു

ലതേഹാര്‍ ഇരട്ടകൊലപാതകം: അന്വേഷണം പൊലീസ് അട്ടിമറിച്ചു
Summary
ഗോരക്ഷയുടെ പേരില്‍ 2016 മാര്‍ച്ച് 18 നാണ് 32 വയസുകാരനായ മജ്‌ലൂം അന്‍സാരിയെയും വിദ്യാര്‍ത്ഥി ഇംതിയാസ് ഖാനെയും ലതേഹാറില്‍ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയത്..

ജാര്‍ഖണ്ഡിലെ ലതേഹാറില്‍ ഗോരക്ഷാ ഗുണ്ടകള്‍ നടത്തിയ ഇരട്ടക്കൊലപാതകത്തിന്റെ അന്വേഷണം പൊലീസ് അട്ടിമറിച്ചെന്ന് കണ്ടത്തല്‍. മനുഷ്യാവകാശ സംഘടനകളുടെ കൂട്ടായ്മയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. കൊലപാതകത്തില്‍ പങ്കാളിയായ ബിജെപി നേതാവ് വിനോദ് പ്രജാപതിക്കെതിരെ ദൃക്‌സാക്ഷി മൊഴി ഉണ്ടായിട്ടും പൊലീസ് നടപടി എടുത്തില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഗോരക്ഷയുടെ പേരില്‍ 2016 മാര്‍ച്ച് 18 നാണ് 32 വയസുകാരനായ മജ്‌ലൂം അന്‍സാരിയെയും വിദ്യാര്‍ത്ഥി ഇംതിയാസ് ഖാനെയും ലതേഹാറില്‍ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയത്. രാജ്യത്തെ ഞെട്ടിച്ച കൊലപാതകത്തിന്റെ അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നാണ് മനുഷ്യാവകാശ സംഘടനകളുടെ കൂട്ടായ്മ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നത്. സംഭവം നടന്ന് 17 മണിക്കൂര്‍ കഴിഞ്ഞാണ് പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയത്.

പ്രതികളുടെ കുറ്റസമ്മതമൊഴിയും ദൃസാക്ഷി മൊഴിയും കൃത്യമായി രേഖപ്പെടുത്തിയില്ല. കുറ്റപത്രം ദുര്‍ബലമായിരുന്നു. കേസിലെ 8 പ്രതികളും 6 മാസത്തിനകം ജാമ്യം നേടി. ജാമ്യം തടയാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. കേസ് അട്ടിമറിക്കപ്പെടുന്ന സാഹചര്യത്തില്‍ സുപ്രധാന ആവശ്യങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മുന്നോട്ട് വച്ചു. വിനോദ് പ്രജാപതിയെ അറസ്റ്റ് ചെയ്യണം.

പ്രതികളുടെയും ജാമ്യത്തിനെതിരെ പ്രോസിക്യൂഷന്‍ സുപ്രീംകോടതിയെ സമീപിക്കണം. ഹിന്ദുത്വ സംഘടനകളുടെ ഇടപെടല്‍ പരിശോധിക്കണം. പൊലീസ് അനാസ്ഥക്കെതിരെ നടപടി എടുക്കണം തുടങ്ങിയവയാണ് ആവശ്യങ്ങള്‍.