LiveTV

Live

National

പ്രിയങ്കാ ഗാന്ധിയെ വനിതാ വിഭാഗമായ രാഷ്ട്ര സേവികാ സമിതിയുടെ ശാഖയിലേക്ക് സ്വാഗതം ചെയ്ത് ആര്‍എസ്‍എസ്

പ്രിയങ്കാ ഗാന്ധിയെ വനിതാ വിഭാഗമായ രാഷ്ട്ര സേവികാ സമിതിയുടെ ശാഖയിലേക്ക് സ്വാഗതം ചെയ്ത് ആര്‍എസ്‍എസ്
Summary
ആര്‍എസ്എസ് സ്ത്രീകളെ ശാക്തീകരിക്കാനോ അധികാരം നല്‍കാനോ തയ്യാറാവാത്ത സംഘടനയാണെന്ന രാഹുല്‍ ഗാന്ധിയുടെ പരമാര്‍ശത്തിനെതിരെയുള്ള പ്രതികരണമായി പ്രിയങ്കാ ഗാന്ധിക്ക് രാഷ്ട്ര സേവിക സമിതിയിലേക്ക് സ്വാഗതം ചെയ്ത് ആര്‍എസ്‍എസ്

പ്രിയങ്ക ഗാന്ധിയെ ആര്‍എസ്എസ് വനിതാ വിഭാഗമായ രാഷ്ട്ര സേവികാ സമിതിയുടെ ശാഖയിലേക്ക് സ്വാഗതം ചെയ്ത് ആര്‍എസ് എസ്. ആര്‍എസ്എസ് സ്ത്രീകളെ ശാക്തീകരിക്കാനോ അധികാരം നല്‍കാനോ തയ്യാറാവാത്ത സംഘടനയാണെന്ന രാഹുല്‍ ഗാന്ധിയുടെ പരമാര്‍ശത്തിനെതിരെയുള്ള പ്രതികരണമാണ് പ്രിയങ്കാ ഗാന്ധിക്ക് രാഷ്ട്ര സേവിക സമിതിയുടെ ശാഖയിലേക്കുള്ള ക്ഷണം . മേഘാലയ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഷില്ലോങ്ങില്‍ സെന്റ് എഡ്മണ്ട് കോളജില്‍ നടന്ന പരിപാടിയിലായിരുന്നു ആര്‍എസ്എസിനെതിരെ രാഹുല്‍ വിമര്‍ശമുന്നയിച്ചത്. നാഗാലാന്റിലും മേഘാലയയിലും ഫെബ്രുവരി 27 നാണ് അസംബ്ലി തിരഞ്ഞെടുപ്പ്. മാര്‍ച്ച് 3 നാണ് വോട്ടെണ്ണല്‍.

ആര്‍എസ്എസ് ചിന്തകനായ പ്രൊഫ. രാകേഷ് സിന്‍ഹയാണ് നിരവധി ട്വീറ്റുകളിലൂടെ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷമായ പ്രതികരണം അഴിച്ചുവിട്ടത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആര്‍എസ്എസിന് സ്വാധീനം വര്‍ധിക്കുന്നതില്‍ രാഹുല്‍ ഗാന്ധിക്കും ചൈനയ്ക്കും ഒരുപോലെയാണ് വേദനിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇത്രയും കാലത്തിനിടയ്ക്ക് എന്താണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി കോണ്‍ഗ്രസ് ചെയ്തിട്ടുള്ളതെന്ന് അദ്ദേഹം ചോദിക്കുന്നു.

മാത്രമല്ല രാഹുല്‍ ഗാന്ധിയുടെ സഹോദരി പ്രിയങ്ക ഗാന്ധിയെ ആര്‍എസ്എസ് വനിതാ വിഭാഗമായ രാഷ്ട്ര സേവികാ സമിതിയുടെ ശാഖയിലേക്ക് സ്വാഗതം ചെയ്താണ് മറ്റൊരു ട്വീറ്റ്. വേണമെങ്കില്‍ രാഹുല്‍ ഗാന്ധിക്കും അവര്‍ക്കൊപ്പം വരാമെന്നും രാകേഷ് സിന്‍ഹ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

''മഹാത്മാ ഗാന്ധിയുടെ ചിത്രങ്ങളില്‍ എപ്പോഴും ഇടത്തും വലത്തും സ്ത്രീകളുണ്ടായിരുന്നതായി നമുക്ക് കാണാം. എന്നാല്‍ എപ്പോഴും പുരുഷന്‍മാരുടെ ഇടയില്‍ നില്‍ക്കുന്ന നിലയിലാണ് മോഹന്‍ ഭാഗവതിന്റെ ചിത്രം നമ്മള്‍ കാണുന്നത്' എന്ന രാഹുലിന്റെ പരാമര്‍ശത്തെയും രാകേഷ് സിന്‍ഹ വിമര്‍ശിക്കുന്നു. രാഹുല്‍ഗാന്ധി രാജ്യത്തെ സന്യാസി പാരമ്പര്യത്തെയാണ് അപമാനിച്ചതെന്ന് അദ്ദേഹം പറയുന്നു. സന്യാസികള്‍ സ്ത്രീവിരുദ്ധരാണെന്നാണോ രാഹുല്‍ ഗാന്ധി പറയുന്നതെന്ന് രാകേഷ് സിന്‍ഹ ചോദിക്കുന്നു. പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം സഹോദരിയായ പ്രിയങ്കയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമോ അല്ലെങ്കില്‍ ജനറല്‍ സെക്രട്ടറി സ്ഥാനമെങ്കിലും നല്‍കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാവുമോയെന്നും അദ്ദേഹം വെല്ലുവിളിക്കുന്നു.

രാഹുല്‍ ഗാന്ധിക്കെതിരെ മേഘാലയ ബിജെപി ഘടകവും രംഗത്ത് വന്നിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ പ്രസ്തവന മഹാത്മാ ഗാന്ധിയുടെ പൈതൃകത്തെതന്നെ അപമാനിക്കുന്നതാണെന്നാണ് മേഘാലയ ബിജെപി ഘടകത്തിന്റെ ട്വീറ്റ്. സ്ത്രീകളുടെ പ്രസക്തി കുറച്ച് ഉന്നത നേതൃത്വങ്ങളില്‍ മാത്രം അവരുടെ പ്രാതിനിത്യം കൊണ്ടുവരുന്നതിനെയാണ് രാഹുല്‍ ഗാന്ധി സ്ത്രീശാക്തീകരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം മേഘാലയിലെ മരുമക്കത്തായ സമ്പ്രദായത്തെ അതിലൂടെ അപമാനിക്കുകയാണെന്നും ബിജെപി മേഘാലയ ഘടകം ആരോപിക്കുന്നു. ബിജെപി മേഘാലയ ഘടകത്തിന്റെ ട്വീറ്റ് ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ് റീ ട്വീറ്റ് ചെയ്തിട്ടുണ്ട്.