LiveTV

Live

National

'അമിത് ഷാക്കെതിരായ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അനുകൂല വിധിക്ക് ജഡ്ജിക്ക് 100 കോടി രൂപ കോഴ വാഗ്ദാനം ചെയ്തു'

'അമിത് ഷാക്കെതിരായ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അനുകൂല വിധിക്ക് ജഡ്ജിക്ക് 100 കോടി രൂപ കോഴ വാഗ്ദാനം ചെയ്തു'
Summary
സിബിഐ ജഡ്ജി ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവിട്ട് കാരവാന്‍ മാഗസിന്‍

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കുറ്റാരോപിതനായ സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന സിബിഐ ജഡ്ജി ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവിട്ട് കാരവാന്‍ മാഗസിന്‍. മരണകാരണവും ചികിത്സ നല്‍കിയ രീതിയും സംശയകരമാണെന്നും ജഡ്ജിയുടെ മൊബൈല്‍ മെസേജുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നെന്നും സഹോദരിയും ഡോക്ടറുമായ അനുരാധ ബിയാനി പറഞ്ഞതിന്റെ റിപ്പോര്‍ട്ടുകള്‍ ഇന്നലെ പുറത്തുവന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് അമിത് ഷാക്കെതിരായ വെളിപ്പെടുത്തല്‍ ഇന്ന് വന്നിരിക്കുന്നത്. കേസില്‍ അമിത് ഷായ്ക്ക് അനുകൂലമായി വിധി പറയുന്നതിന് ലോയയ്ക്ക് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മൊഹിത് ഷാ നൂറു കോടി രൂപ കോഴ വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് ബിയാനിയുടെ വെളിപ്പെടുത്തല്‍.

'അമിത് ഷാക്കെതിരായ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അനുകൂല വിധിക്ക് ജഡ്ജിക്ക് 100 കോടി രൂപ കോഴ വാഗ്ദാനം ചെയ്തു'

കാരവാന്‍ റിപ്പോര്‍ട്ടറുടെ വാക്കുകള്‍ ഇങ്ങനെ: 'ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ഞാന്‍ സംസാരിച്ചവരില്‍ ഒരാളായിരുന്നു ലോയയുടെ സഹോദരി അനുരാധ ബിയാനി. മഹാരാഷ്ട്ര ധൂലെയില്‍ ഡോക്ടറാണ് ബിയാനി. അവര്‍ എന്നോട് ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തല്‍ നടത്തി. സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കുറ്റാരോപിതര്‍ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചാല്‍ നൂറു കോടി രൂപ കൈക്കൂലി നല്‍കാമെന്ന് ബോംബെ ഹൈക്കോടതി ജസ്റ്റിസ് മൊഹിത് ഷാ തന്നോട് പറഞ്ഞതായി സഹോദരന്‍ ലോയ വെളിപ്പെടുത്തിയതായി ബിയാനി പറഞ്ഞു. കുടുംബവീട്ടില്‍ ദീപാവലി ആഘോഷങ്ങള്‍ക്കായി ഒത്തുകൂടിയപ്പോഴായിരുന്നു ലോയ ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയതെന്ന് ബിയാനി പറഞ്ഞു. ഈ വെളിപ്പെടുത്തല്‍ നടത്തി ഏതാനും ആഴ്ചകള്‍ക്കുള്ളിലാണ് ലോയയുടെ മരണം സംഭവിച്ചത്. അനുകൂല വിധി പുറപ്പെടുവിച്ചാല്‍ മുംബൈയില്‍ വീടും കൈനിറയെ പണവും കൈക്കൂലി വാഗ്ദാനം ചെയ്ത് ചില ഓഫറുകള്‍ വരുന്നുണ്ടെന്ന് തോന്നോട് പറഞ്ഞതായി ലോയയുടെ പിതാവ് ഹര്‍കിഷനും വെളിപ്പെടുത്തി.'' അമിത്ഷാ പ്രതിസ്ഥാനത്തുണ്ടായിരുന്ന കേസ് പരിഗണിക്കവെ 2014ലാണ് ലോയ നാഗ്പൂരില്‍‌ വച്ച് മരിച്ചത്. ജസ്റ്റിസ് ജെടി ഉത്പാതിനെ സ്ഥലംമാറ്റിയതിനെ തുടര്‍ന്ന് 2014 ജൂണിലാണ് ലോയ പ്രത്യേക സിബിഐ കോടതിയിലേക്ക് നിയമിതനാകുന്നത്.

കഴിയുന്നത്ര വേഗത്തില്‍ അനുകൂല വിധി പുറപ്പെടുവിക്കണം എന്നായിരുന്നു മോഹിത് ഷായുടെ ആവശ്യം. ഡിസംബര്‍ 30 ന് മുമ്പ് വിധി വരികയാണെങ്കില്‍ അത് കൂടുതല്‍ പ്രയോജനപ്പെടുമെന്നും അപ്പോഴേക്കും മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവരുമെന്നും അതിന്റെ ആഘാതത്തില്‍ ലോയയുടെ വിധിക്ക് വലിയ പ്രാധാന്യം കിട്ടില്ലെന്നും മോഹിത് ലോയയോട് പറഞ്ഞതായും ബിയാനി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പ്രലോഭനങ്ങള്‍ക്ക് വഴങ്ങാന്‍ ലോയ തയ്യാറായില്ല. ഒന്നുകില്‍‌ ജോലി ഉപേക്ഷിക്കുക അല്ലെങ്കില്‍ സ്ഥലംമാറ്റത്തിന് തയാറാകുക എന്നതാണ് തനിക്കു മുന്നിലുള്ള വഴിയെന്ന് മകന്‍ ഒരിക്കല്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് പിതാവ് ഹര്‍കിഷനും പറഞ്ഞു.

മരിക്കുന്ന സമയത്ത് ജസ്റ്റിസ് ലോയ പരിഗണിച്ചിരുന്നത് രാജ്യത്തെ ഞെട്ടിച്ച കേസുകളിലൊന്നായ സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസായിരുന്നു. സൊഹ്റാബുദ്ദീന്‍ കൊല്ലപ്പെടുമ്പോള്‍ ഗുജറാത്തിലെ ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷാ ജസ്റ്റിസ് ലോയ മരിക്കുമ്പോള്‍ ബിജെപി അദ്ധ്യക്ഷനായിരുന്നു. 2005 നവംബര്‍ 26നാണ് സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്കിനെയും ഭാര്യ കൗസര്‍ബിയെയും ലഷ്‌കര്‍ ഇ തോയ്ബ ഭീകരരാണെന്ന് ആരോപിച്ച് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തട്ടിക്കൊണ്ടുപോകുകയും വെടിവെച്ച് കൊല്ലുകയും ചെയ്തത്. കേസിലെ ദൃക്‌സാക്ഷിയായിരുന്ന തുളസീറാം പ്രജാപതിയെയും കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചു എന്നാരോപിച്ച് ഗുജറാത്ത് പോലീസ് പിന്നീട് വധിച്ചിരുന്നു.

രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സുപ്രീംകോടതി ഇടപെട്ട് 2012ല്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് കേസ് മുംബൈയിലേക്ക് മാറ്റി. 2013 സെപ്തംബറില്‍ അമിത് ഷാ ഉള്‍പ്പെടെ 36 പേരെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 2014 ജൂണ്‍ 6ന് കോടതിയില്‍ ഹാജരാകാതിരുന്നതിന് അമിത് ഷായെ ശാസിച്ച ജഡ്ജി ജെ ടി ഉത്പതിനെ ജൂണ്‍ 25ന് സ്ഥലം മാറ്റി. തുടര്‍ന്നാണ് ജസ്റ്റിസ് ലോയയെ നിയമിച്ചത്. കേസില്‍ അമിത് ഷാ കോടതിയില്‍ നേരിട്ട് ഹാജരാകാതിരുന്നതെന്തുകൊണ്ടെന്ന് ആരാഞ്ഞ ജസ്റ്റിസ് ലോയ കേസ് പരിഗണിക്കുന്നത് 2014 ഡിസംബര്‍ 15ലേക്ക് മാറ്റിയിരുന്നു. കേസ് പരിഗണിക്കാനിരിക്കെയാണ് ഡിസംബര്‍ 1ന് ജസ്റ്റിസ് ലോയയുടെ മരണവാര്‍ത്ത പുറത്തുവരുന്നത്. ലോയ മരിച്ച് ഒരു മാസത്തിനുള്ളില്‍ ഈ കേസില്‍ അമിത് ഷാക്കെതിരെ തെളിവുകളില്ല എന്ന് ചൂണ്ടിക്കാട്ടി കോടതി ഷായെ കുറ്റവിമുക്തനാക്കുകയും ചെയ്തു.