LiveTV

Live

National

വിവാഹ ചടങ്ങിനിടെ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് 14 പേര്‍ മരിച്ചു

വിവാഹ ചടങ്ങിനിടെ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് 14 പേര്‍ മരിച്ചു
Summary
രാജസ്ഥാനിലെ സഹാപുര ടൗണിലെ ഖാട്ടുലായ് ഗ്രാമത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഗ്രാമത്തെ ഞെട്ടിച്ച ദുരന്തം നടന്നത്

രാജസ്ഥാനില്‍ വിവാഹ ചടങ്ങിനിടെ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് സ്ത്രീകളും കുട്ടികളുമടക്കം 14 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ അഞ്ച് സ്ത്രീകളും രണ്ട് വയസുകാരിയായ പെണ്‍കുട്ടിയുമുണ്ട്.

വിവാഹ ചടങ്ങിനിടെ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് 14 പേര്‍ മരിച്ചു

രാജസ്ഥാനിലെ സഹാപുര ടൗണിലെ ഖാട്ടുലായ് ഗ്രാമത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഗ്രാമത്തെ ഞെട്ടിച്ച ദുരന്തം നടന്നത്. വിവാഹ പാര്‍ട്ടിയുടെ ഘോഷയാത്ര കടന്നുപോകുന്നതിനിടെയാണ് റോഡരികിലെ ട്രാന്‍സ്‌ഫോര്‍മര്‍ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. പലരും മീറ്ററുകള്‍ക്കപ്പുറമാണ് തെറിച്ചു വീണത്.

സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേരാണ് വിവാഹ ഘോഷയാത്രയിലുണ്ടായിരുന്നത്. എട്ട് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു, ബാക്കിയുള്ളവര്‍ എസ്എംഎസ് ആശുപത്രിയിലാണ് മരിച്ചത്. എന്നാല്‍, ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിക്കാനിടയായ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവമറിഞ്ഞ് വൈദ്യുത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

മുഖ്യമന്ത്രി വസുന്ധരാ രാജെ എസ്എംഎസ് ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചിരുന്നു. അപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ച മുഖ്യമന്ത്രി, പരിക്കേറ്റവര്‍ക്ക് ചികിത്സാ സഹായം നല്‍കുമെന്നും അറിയിച്ചു. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. ഗ്രാമവാസികള്‍ വൈദ്യുതി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. അന്വേഷണത്തിന് ഉത്തരവിടുന്നത് വരെ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനയക്കാന്‍ ബന്ധുക്കള്‍ സമ്മതിച്ചില്ല. വൈദ്യുതി മന്ത്രിയും ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചിരുന്നു.