LiveTV

Live

National

ഗൌരി ലങ്കേഷിന്റെ കൊലപാതകത്തിന് ഒരു മാസം; അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല

ഗൌരി ലങ്കേഷിന്റെ കൊലപാതകത്തിന് ഒരു മാസം; അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല
Summary
കൊലപാതകം നടന്ന് ഒരു മാസമായിട്ടും പ്രധാനമന്ത്രി നരേനന്ദ്ര മോദി ഇത് സംബന്ധിച്ച് ഒരു പ്രതികരണവും നടത്തിയിട്ടില്ലെന്നതും, കൊലപാതകത്തിന് ശേഷം ഗൌരി ലങ്കേഷിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ വിദ്വേഷ പ്രചാരണവും..

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷ് കൊല്ലപ്പെട്ട് ഒരു മാസം തികയുന്നു. കൊലയാളികളെ കണ്ടെത്താനുള്ള കര്‍ണ്ണാടക പൊലീസിന്റെ ശ്രമങ്ങള്‍ എങ്ങുമെത്തിയില്ല. രാജ്യമെമ്പാടും വന്‍ പ്രതിഷേധങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണമായ കൊലപാതകത്തെക്കുറിച്ച് ഒരു മാസം കഴിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പ്രതികരണവും നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് ഡല്‍ഹിയിലും ബംഗ്ലൂരുവിലും പ്രകടനങ്ങള്‍ നടക്കും.

സെപ്തംബര്‍ അഞ്ചിന് രാത്രി ബംഗ്ലൂരുവിലെ വീടിന് മുന്നില്‍ വെച്ചാണ് ഗൌരി ലങ്കേഷ് കൊല ചെയ്യപ്പെടുന്നത്. വീടിന്റെ ഗെയ്റ്റ് തുറക്കാന്‍ കാറില്‍ നിന്നും പുറത്തിറങ്ങിയ ഗൌരിയെ ഹെല്‍മെറ്റ് ധാരിയായ അക്രമി വെടിവെച്ച് വീഴ്ത്തുകയായിരുന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ വീട്ടില്‍ സ്ഥാപിച്ച സിസിടിവി ക്യാമറിയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും അക്രമിയെ തിരിച്ചറിയാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണത്തിനായി രൂപീരകിച്ച പ്രത്യേക സംഘം അഞ്ഞൂറിലേറെ പേരെ ചോദ്യം ചെയ്തെങ്കിലും കാര്യമുണ്ടായില്ല. നേരത്തെ സമാന കൊലപാതകക്കേസുകളില്‍ ആരോപണ വിധേയരായ ഹിന്ദു ത്രീവ സംഘടന സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തവകരെയാണ് പ്രധാനമായും ചോദ്യം ചെയ്തത്.

ഗൌരിയുടെ വീടിന്റെ 5 കിലോമീറ്റര്‍ പരിധിയില്‍ 60 ടവറുകളിലെ ഫോണ്‍ കോളുകള്‍ പരിശോധിച്ച് വരികയാണ്. ഒരു മാസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍, എഴുത്തുകാരന്‍ എംഎം കല്‍ബുര്‍ഗി കൊലപാതകക്കേസിന്റെ അവസ്ഥയാണ് ഈ കേസിനും വരാന്‍ പോകുന്നതെന്ന ആശങ്കയാണ് ഉയരുന്നത്. ഗൌരിയുടെ കൊലപാതകം രാജ്യമെമ്പാടും വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. സംഘ്പരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശക്തയായ വിമര്‍ശകയായിരുന്ന ഗൌരിയുടേത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. കൊലപാതകം നടന്ന് ഒരു മാസമായിട്ടും പ്രധാനമന്ത്രി നരേനന്ദ്ര മോദി ഇത് സംബന്ധിച്ച് ഒരു പ്രതികരണവും നടത്തിയിട്ടില്ലെന്നതും, കൊലപാതകത്തിന് ശേഷം ഗൌരി ലങ്കേഷിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ വിദ്വേഷ പ്രചാരണവും ഇതിന്റെ ഉദാഹരണമാണെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.