LiveTV

Live

National

ഗൊരഖ്പൂര്‍ മെഡിക്കല്‍ കോളജില്‍ അഞ്ച് ദിവസത്തിനിടെ മരിച്ചത് 62 കുട്ടികള്‍

ഗൊരഖ്പൂര്‍ മെഡിക്കല്‍ കോളജില്‍ അഞ്ച് ദിവസത്തിനിടെ മരിച്ചത് 62 കുട്ടികള്‍
Summary
ആശുപത്രിയിലേക്കുള്ള ഓക്സിജിന്‍ വിതരണം മുടങ്ങിയതാണ് കൂട്ടമരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍...

ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ മെഡിക്കല്‍ കൊളേജില്‍ ജപ്പാന്‍ ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന 62 കുട്ടികള്‍ മരിച്ചതായി ആശുപത്രി അധികൃതര്‍. കഴിഞ്ഞ അഞ്ച് ദിവസത്തിനുളളിലാണ് ഇത്രയും മരണം സംഭവിച്ചത്. ഓക്‌സിജന്റെ അഭാവമല്ല മരണകാരണമെന്നാണ് ആശുപത്രി നല്‍കുന്ന വിശദീകരണം. മറ്റ് അസുഖങ്ങള്‍ മൂലമാണ് മരണങ്ങളെന്നാണ് ആശുപത്രി അധികൃതരുടെ വാദം.

ആശുപത്രിയിലേക്കുള്ള ഓക്സിജിന്‍ വിതരണം മുടങ്ങിയതാണ് കൂട്ടമരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മണ്ഡലമാണ് ഗൊരഖ്പൂര്‍. ഗൊരഖ്പൂര്‍ ജില്ലാ മജിസ്ട്രേറ്റ് രാജീവ് രൌട്ടേലയാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വിട്ടത്. ഗൊരഖ്പൂരിലെ ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളജില്‍ ജപ്പാന്‍ ജ്വരബാധിതരായി ചികിത്സയിലായിരുന്നു കുട്ടികള്‍.

ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ വിതരണം നിലച്ചതാണ് ദാരുണ സംഭവത്തിനിടയാക്കിയത്. ഓക്സിജന്‍ വിതരണം നടത്തുന്ന കമ്പനിക്ക് ആശുപത്രി അധികൃതര്‍ 64 ലക്ഷം രൂപ നല്‍കാനുണ്ടെന്നും ഇത് നല്‍കാത്തതിന്‍റെ പേരില്‍ ഓക്സിജന്‍ വിതരണം കമ്പനി നിര്‍ത്തുകയായിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടര്‍ച്ചയായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഖൊരക്പൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു. അവിടെ തന്നെ ഉണ്ടായ സംഭവം യുപി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

എന്‍സെഫലൈറ്റിസ് അഥവ ജപ്പാന്‍ ജ്വരം എന്ന രോഗം പന്നികളില്‍ നിന്നും കൊതുകുകളിലേക്കും അവിടെ നിന്ന് മനുഷ്യരില്‍ നിന്നും പടരുന്ന രോഗമാണ്. പോഷകാഹാരക്കുറവുള്ള കുട്ടികളാണ് രോഗത്തിന്‍റെ പ്രധാന ഇരകള്‍. സാമൂഹ്യമായും, സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കിടയിലാണ് രോഗം കൂടുതലായും കാണപ്പെടുന്നത്. 48 മണിക്കൂര്‍ കഴിഞ്ഞിട്ടും ഓക്സിജന്‍ പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ ഇല്ലാതിരുന്നതെന്ത് കൊണ്ടെന്ന ചോദ്യം നീളുന്നതും ഈ സാമൂഹിക യാഥാര്‍ത്ഥ്യത്തിലേക്കാണ്.