പശുക്കടത്തും ലൌജിഹാദും നിയന്ത്രിക്കാന്‍ അലിഗഡില്‍ 'മത സൈനികരെ' റിക്രൂട്ട് ചെയ്യാനൊരുങ്ങി വിഎച്ച്പി
പശുക്കടത്തും ലൌജിഹാദും നിയന്ത്രിക്കാന്‍ അലിഗഡ് ജില്ലയിൽ 5000ത്തോളം 'മത സൈനികരെ' റിക്രൂട്ട് ചെയ്യാനൊരുങ്ങി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി). പരിശീലനം ലഭിച്ച ബജ്റംഗ്ദൾ പ്രവർത്തകരിൽ നിന്നായാണ് ഇതിനായി ആളുകളെ തെരഞ്ഞെടുക്കുക. ഇവരാകും നിയോഗിക്കപ്പെടുന്ന 'മത സൈനികര്‍'. സെപ്തംബറിൽ സംരഭത്തിന്റെ എൻറോൾമെന്റ് ഡ്രൈവ് ആരംഭിക്കും. ജൂലൈ 14-16 തിയ്യതികളിലായി അലിഗറിൽ നടന്ന വിഎച്ച്പി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. യോഗത്തില്‍ പ്രവീൺ തൊഗാഡിയയും പങ്കെടുത്തിരുന്നു.
''അലിഗഡ് ജില്ലയിൽ 5000 മത സൈനികരെ നിയമിക്കും. കൃത്യമായ പരിശീലനം നൽകിയ ബജ്രംഗ്ദൾ പ്രവർത്തകരെ മാത്രമാണ് ഇതിനായി തെരഞ്ഞെടുക്കുക. ഈ പടയാളികൾ പശുക്കടത്ത് നിയന്ത്രിക്കുകയും ലൌജിഹാദ് തടയുകയും ചെയ്യും. ഹിന്ദു ആൺകുട്ടികളെയും പെൺകുട്ടികളെയും ക്ഷേത്രങ്ങളും രാജ്യവും ഇവർ സംരക്ഷിക്കും.." സെക്ഷൻ തലവൻ രാംകുമാർ ആര്യ പറഞ്ഞു.