LiveTV

Live

National

രാംനാഥ് കോവിന്ദ് എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ഥി

രാംനാഥ് കോവിന്ദ് എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ഥി
Summary
ഇതര പ്രതിപക്ഷ കക്ഷികളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. 22ന് പ്രതിപക്ഷ കക്ഷികളുടെ യോഗം നടക്കും.


എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ബിഹാര്‍ ഗവര്‍ണര്‍ രാം നാഥ് കോവിന്ദിനെ പ്രഖ്യാപിച്ചു. ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡ് യോഗത്തിന് ശേഷം അമിത് ഷായാണ് ദളിത് നേതാവായ രാം നാഥ് കോവിന്ദന്‍റെ പേര് പ്രഖ്യാപിച്ചത്. 23 ന് രാം നാഥ് കോവിന്ദ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും

രണ്ട് മണിക്കൂറോളം നീണ്ട ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡ് യോഗത്തിന് ശേഷമാണ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ പേര് ദേശിയ അധ്യക്ഷന്‍ പ്രഖ്യാപിച്ചത്. സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന സുഷമ സ്വരാജ് അടക്കമുള്ളവരുടെ പേരുകള്‍ തള്ളി തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു രാം നാഥ് കോവിന്ദയുടെ സ്ഥാനാര്‍ത്ഥിത്വം. നിലവില്‍ ബീഹാര്‍ ഗവര്‍ണറായ രാംനാഥ് കോവിന്ദ് ബിജെപിയുടെ ദളിത് മോര്‍ച്ച പ്രസിഡന്‍റും ദേശിയ വക്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 94 മുതല്‍ 2006 വരെ രണ്ട് തവണ ഉത്തര്‍പ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗവുമായിരുന്നു കോവിന്ദ്.

രാംനാഥ് കോവിന്ദിനെ തീരുമാനിച്ചകാര്യം ശിവസേനയടക്കമുള്ളവരെ അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ ചര്‍ച്ചകള് നടത്തിയിട്ടില്ലെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി. നേരത്തെ എഐഎഡിഎംകെയും ടിഡിപിയും ബിജെപി നിര്‍ദേശിക്കുന്ന സ്ഥാനാര്‍ത്ഥിയെ പിന്തുണയ്കക്കുമെന്ന് വ്യക്തമാക്കിയതോടെ സ്വന്തം സ്ഥാനാര്‍ത്ഥിയുമായി മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം ബിജെപിക്ക് കൈവന്നിരുന്നു. ബീഹാര്‍ ഗവര്‍ണറെ തന്നെ രംഗത്തിറക്കുന്നതോടെ ജെഡിയു വിന്‍റെ പിന്തുണകൂടു ലഭിക്കുമെന്ന കണക്കുകൂട്ടലും ബിജെപിക്കുണ്ട്.

കോവിന്ദിനെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനം കോണ്‍ഗ്രസിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്ന് ബിജെപി അധ്യക്ഷന്‍ പറഞ്ഞു. എന്നാല്‍ ഇതര പ്രതിപക്ഷ കക്ഷികളുമായി ആലോചിച്ച ശേഷം മാത്രമെ ഒരു തീരുമാനത്തിലെത്തുകയുള്ളൂവെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഈ മാസം 22നാണ് പ്രതിപക്ഷ കക്ഷികളുടെ യോഗം. എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പിന്തുണക്കില്ലെന്ന് തൃണമുല്‍ കോണ്‍ഗ്രസ് അറിയിച്ചു.