LiveTV

Live

National

കോയമ്പത്തൂരില്‍ നാലുപേരെ കാട്ടാന ചവിട്ടിക്കൊന്നു

Summary
പോത്തന്നൂരില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

കോയമ്പത്തൂരിനടുത്ത് പോത്തല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നാല് പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒറ്റയാനെ പിടികൂടാന്‍ മയക്കുവെടി വിദഗ്ധരും കുങ്കി ആനകളും സ്ഥലത്തെത്തിയിട്ടുണ്ട്.

കോയമ്പത്തൂരിനും പൊള്ളാച്ചിക്കുമിടയില്‍ കോയമ്പത്തൂര്‍ കോര്‍പ്പറേഷന്‍റെ അതിര്‍ത്തി പ്രദേശമായ പോത്തല്ലൂരിലാണ് സംഭവം. രാവിലെ അഞ്ചരക്ക് വീടിന് പുറത്തിറങ്ങിയ ഗായത്രിയെന്ന പന്ത്രണ്ടുകാരിയെയാണ് കാട്ടാന ആദ്യം ആക്രമിച്ചത്. ഗായത്രിയെ തേടിയിറങ്ങിയ പിതാവ് വിജയകുമാറിനെയും കാട്ടാന ആക്രമിച്ചു. ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഇതിനിടെ തൊട്ടടുത്ത ഗ്രാമമായ വെള്ളല്ലൂരിലെത്തിയ കാട്ടാന കനകരത്നം, ജ്യോതി എന്നീ സ്ത്രീകളെയും ചവിട്ടിക്കൊന്നു. ഒന്നര മണിക്കൂറിനിടെ നടന്ന ഈ സംഭവങ്ങളില്‍ ഭയചകിതരായ നാട്ടുകാര്‍ വനപാലകരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. ഫോറസ്റ്റ് സിസിഎഫ് അന്‍വറുദ്ദീന്‍, ഡിഎഫ്ഓ, രാമസുബ്രഹ്മണ്യം, എന്നിവരുടെ നേതൃത്വത്തില്‍ ദ്രുത കര്‍മസേന സ്ഥലത്തെത്തിയിട്ടുണ്ട്. ആനയെ മയക്കുവെടി വെച്ച് തളക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. ഒറ്റയാനെ പിടികൂടാന്‍ കുങ്കിയാനകളെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്.