LiveTV

Live

National

മാപ്പു പറയാമെന്ന് കര്‍ണന്‍

മാപ്പു പറയാമെന്ന് കര്‍ണന്‍
Summary
സുപ്രീം കോടതി വിധി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് കര്‍ണന്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. നിരുപാധികം മാപ്പു പറയാമെന്നും ജ.കര്‍ണന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.


സുപ്രിം കോടതി വിധി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് കര്‍ണ്ണന്‍ സുപ്രിം കോടതിയില്‍. നിരുപാധികമായി മാപ്പപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും, എന്നാല്‍ ഹരജി സ്വീകരിക്കാന്‍ രജിസ്ട്രാര്‍ തയ്യാറാകുന്നില്ലെന്നും ജസ്റ്റിസ് കര്‍ണ്ണന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഹരജി സമര്‍പ്പിക്കാന്‍ അനുവദിച്ചെങ്കിലും, അടിയന്തരമായി വാദം കേള്‍ക്കാനുള്ള ആവശ്യം കോടതി തള്ളി.

മുത്തലാഖ് കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ ജസ്റ്റിസ് കര്‍ണ്ണന്‍റെ അഭിഭാഷകന്‍ എത്തിയത്. വിധി താല്‍ക്കാലികമായി മരവിപ്പിക്കണമെന്ന് അഭിഭാഷകര്‍ കോടതിയോട് ആവശ്യപ്പെട്ടു. കര്‍ണ്ണന് കോടതിയോട് നിരുപാധികം മാപ്പപേക്ഷിക്കാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ സുപ്രിം കോടതി രജിസ്ട്രാര്‍ തങ്ങളുടെ ഹരജി സ്വീകരിക്കുന്നില്ല. കോടതിയലക്ഷ്യ നിയമപ്രകാരം, ശിക്ഷ വിധിക്കപ്പെട്ട ശേഷവും കുറ്റക്കാരന്‍ മാപ്പപേക്ഷിക്കാമെന്നും അഭിഭാഷകന്‍ വാദിച്ചു. തുടര്‍ന്നാണ് ഹരജി സമര്‍പ്പിക്കാനുള്ള അനുവാദം കോടതി നല്‍കിയത്. അതേസമയം ഹരജിയില്‍ അടിയന്തരമായി വാദം കേള്‍ക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഏഴംഗ ഭരണഘടന ബെഞ്ചാണ് കോടതിയലക്ഷ്യക്കേസില്‍ കര്‍ണ്ണനെ ആറ് മാസത്തെ തടവിന് ശിക്ഷിച്ചത്. ബെഞ്ചില്‍ അംഗങ്ങളായ ജഡ്ജിമാരുടെ ലഭ്യതക്കനുസരിച്ചേ ഹരജി പരിഗണിക്കാനാകൂ എന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

അതേസമയം സുപ്രീംകോടതി ഉത്തരവു പ്രകാരം ചെന്നൈയിലെത്തിയെ കൊല്‍ക്കത്ത പൊലിസിന് മൂന്നാം ദിനവും ജസ്റ്റിസ് സി.എസ്. കര്‍ണനെ അറസ്റ്റുചെയ്യാനായില്ല. മൂന്ന് സംസ്ഥാനങ്ങളിലായി പൊലിസ് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. വിധി പുനപരിശോധിയ്ക്കണമെന്ന കര്‍ണന്റെ ഹര്‍ജി സുപ്രീം കോടതി പരിഗണിയ്ക്കാനിരിക്കെ,അറസ്റ്റു ചെയ്യാനെത്തിയ പൊലിസ് സംഘം ചെന്നൈയില്‍ തന്നെ തുടരുകയാണ്.

കഴിഞ്ഞ രണ്ടു ദിവസമായി തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ പൊലിസ് കര്‍ണനു വേണ്ടി തിരച്ചില്‍ നടത്തി. ചെന്നൈ ചെപ്പോക്കിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലും ചൂളൈമേട്ടിലെ കര്‍ണന്റെ മകന്റെ വസതിയിലും ജന്മദേശമായ കടലൂരിലും ആന്ധ്രയിലെ കാളഹസ്തി ക്ഷേത്രത്തിലുമാണ് തിരച്ചില്‍ നടത്തിയത്. കൂടാതെ, തമിഴ്നാട്, ആന്ധ്ര അതിര്‍ത്തികളിലും പൊലിസ് പരിശോധന നടത്തി. എന്നാല്‍, കര്‍ണനെ കണ്ടെത്താനായില്ല. കര്‍ണന്‍ നേപ്പാളിലേയ്ക്കോ ബംഗ്ളാദേശിലേയ്ക്കോ കടന്നിട്ടുണ്ടാകാമെന്ന സൂചനകളുമുണ്ട്.

എന്നാല്‍, പുനപരിശോധന ഹര്‍ജി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച കര്‍ണന്റെ അഭിഭാഷകന്‍ മാത്യൂസ് ജെ നെടുന്പാറ, കര്‍ണന്‍ ചെന്നൈയില്‍ തന്നെയുണ്ടെന്ന് കോടതിയെ അറിയിച്ചു. തന്നെ കുറ്റവിചാരണ ചെയ്യാനുള്ള അപേക്ഷ പാര്‍ലമെന്റിനു കൈമാറണമെന്നു കാണിച്ച്, ജസ്റ്റിസ് കര്‍ണന്‍ രാഷ്ട്രപതിയ്ക്ക് നിവേദനം നല്‍കുമെന്ന് കര്‍ണന്റെ അടുത്ത സുഹൃത്തും മദ്രാസ് ഹൈക്കോടതി അഭിഭാഷകനുമായ പീറ്റര്‍ രമേഷ് കുമാര്‍ അറിയിച്ചു. സമയം ലഭിച്ചാല്‍ ഡല്‍ഹിയിലെത്തി കര്‍ണന്‍ രാഷ്ട്രപതിയെ നേരില്‍ കാണും.