LiveTV

Live

National

ബലാത്സംഗ ഭീഷണി: ഗുര്‍മെഹര്‍ ഖൌറിന് സംരക്ഷണം നല്‍കണമെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍

 ബലാത്സംഗ ഭീഷണി:  ഗുര്‍മെഹര്‍ ഖൌറിന് സംരക്ഷണം നല്‍കണമെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍
Summary
എബിവിപി ആക്രമണത്തിനെതിരെ കാമ്പയിന്‍ ആരംഭിച്ച കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളും, ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനിയുമാണ് ഗുര്‍മെഹര്‍ ഖൌര്‍

ഡല്‍ഹി രാംജാസ് കോളജിലെ എബിവിപി ആക്രമണത്തിനെതിരെ കാമ്പയിന്‍ ആരംഭിച്ച കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളും, ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനിയുമായ ഗുര്‍മെഹര്‍ ഖൌറിന് സംരക്ഷണം നല്‍കാനും ബലാത്സംഗ ഭീഷണി സന്ദേശം അയച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ഡല്‍ഹി വനിതാ കമ്മീഷന്റെ നിര്‍ദേശം നല്‍കി. ഗുര്‍മെഹര്‍ ഖൌര്‍ നല്‍കിയ പരാതിയിലാണ് വനിതാ കമ്മീഷന്‍, ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കിയത്. കാമ്പയിന് തുടക്കമിട്ട ഗുര്‍മെഹര്‍ ഖൌറിനെതിരായ ഭരണകക്ഷി നേതാക്കളുടെ വിമര്‍ശനം ശക്തമായതോടെ പിന്തുണയുമായി പ്രതിപക്ഷ നേതാക്കളും രംഗത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കെതിരായ അടിച്ചമര്‍ത്തലിനെ ഏതുവിധേനയും എതിര്‍ക്കുമെന്ന് രാഹുല്‍ ഗാന്ധിയും കാമ്പസുകളില്‍ പൂക്കുന്ന വിവിധ ആശയങ്ങളെ അടിച്ചമര്‍ത്തുന്നത് സര്‍വകലാശാലകളിലെ ആധിപത്യം ഉറപ്പിക്കുന്നതിന്റെ ഭാഗമാണെന്ന് സീതാറാം യെച്ചൂരിയും പ്രതികരിച്ചു. ഇന്നും കാമ്പസിന് പുറത്ത് എന്‍സ്‍യു, എഐഎസ്എ, എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത് നേരിയ സംഘര്‍ഷത്തിനിടയാക്കി.

സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ബലാത്സംഗ ഭീഷണി സന്ദേശങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഗുര്‍മെഹര്‍ ഖൌര്‍ പരാതി നല്‍കിയത്.. കേന്ദ്ര ആഭ്യന്തര സഹ മന്ത്രി കിരണ്‍ റിജിജുവും ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗും ഗുര്‍മെഹര്‍ ഖൌറിന്റെ കാമ്പയിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സംഘര്‍ഷങ്ങള്‍ക്കിടെ കോളജില്‍ അധ്യയനം പുനരാരംഭിച്ചു.

ഞാന്‍ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിനിയാണ്.
എനിക്ക് എബിവിപിയെ ഭയമില്ല.
ഞാന്‍ തനിച്ചല്ല.

ഇന്ത്യയിലെ എല്ലാ വിദ്യാര്‍ത്ഥികളും തനിക്കൊപ്പമാണ് എന്ന എന്നെഴുതിയ പ്ലക്കാര്‍ഡും പിടിച്ച് നില്‍ക്കുന്ന ചിത്രത്തോടെയുള്ള ഫേസ്ബുക്ക് കാമ്പയിനാണ് ഡല്‍ഹി ലേഡി ശ്രീരാം കോളജ് വിദ്യാര്‍ത്ഥിനിയും കാര്‍ഗില്‍ യുദ്ധ രക്തസാക്ഷിയായ ജവാന്‍ മന്‍ദീപ് സിങിന്റെ മകളുമായ ഗുര്‍മെഹര്‍ ഖൌര്‍ ആരംഭിച്ചത്. ഡല്‍ഹി രാംജാസ് കോളജില്‍ എബിവിപി പ്രവര്‍ത്തര്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് കാമ്പയിന്‍ തുടങ്ങിയത്. കാമ്പയിന് വന്‍ പിന്തുണ ലഭിച്ചതോടെ ഭീഷണി സന്ദേശങ്ങളും വര്‍ധിച്ചു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവും ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗുമാണ് ഗുര്‍മെഹര്‍ ഖൌറിനെതിരെ വിമര്‍ശനവുമായെത്തിയവരില്‍ പ്രമുഖര്‍. ഗുര്‍മെഹര്‍ ഖൌറിന്റെ മനസിനെ ആരാണ് മലീമസമാക്കിയതെന്ന ചോദ്യമാണ് കിരണ്‍ റിജിജു ഉന്നയിച്ചതെങ്കില്‍ ഗുര്‍മെഹര്‍ ഖൌറിനെതിരായ ട്രോളുമായാണ് വീരേന്ദ്ര സേവാഗെത്തിയത്.

ഗുര്‍മെഹര്‍ ഖൌറിന്റെ കാമ്പയിന് പിന്തുണയുമായെത്തിവര്‍ സെവാഗിന്റെ ട്വീറ്റില്‍ അതൃപ്തി പ്രകടിപ്പിക്കുകയും മറുപടി ട്രോള്‍ ഇറക്കുകയും ചെയ്തിട്ടുണ്ട്. കോളജ് രൂപീകരിച്ച അന്വേഷണ സമിതിയുടെയും പൊലീസിന്റെയും അന്വേഷണം പുരോഗമിക്കുകയാണ്.