LiveTV

Live

National

സമാജ്‌വാദി-കോണ്‍ഗ്രസ് സഖ്യത്തിന് ഭീഷണിയുയര്‍ത്തി മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ സ്ഥാനാര്‍ഥികള്‍

സമാജ്‌വാദി-കോണ്‍ഗ്രസ് സഖ്യത്തിന് ഭീഷണിയുയര്‍ത്തി മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ സ്ഥാനാര്‍ഥികള്‍
Summary
യു.പിയില്‍ വര്‍ധിതവീര്യവുമായി ആഞ്ഞടിക്കുകയാണ് മജ്‌ലിസ്

മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ സ്ഥാനാര്‍ഥികള്‍ യു.പിയില്‍ സമാജ്‌വാദി-കോണ്‍ഗ്രസ് സഖ്യത്തിന്റെ ഉറക്കം കെടുത്തുന്നു. ബീഹാറില്‍ മല്‍സരിച്ച ആറ് സീറ്റിലും പരാജയപ്പെട്ടെങ്കിലും യു.പിയില്‍ വര്‍ധിതവീര്യവുമായി ആഞ്ഞടിക്കുകയാണ് മജ്‌ലിസ്. സംഭല്‍ സീറ്റില്‍ വിജയപ്രതീക്ഷ സജീവമാക്കിയ മജ്‌ലിസ് സ്ഥാനാര്‍ഥി സിയാവുര്‍ റഹ്മാന്‍ ബര്‍ഖിനു വേണ്ടി മജ്‌ലിസ് അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി നടത്തിയ റാലിയില്‍ പതിനായിരങ്ങളാണ് തടിച്ചു കൂടിയത്.

സമാജ്‌വാദിയുടെ മുന്‍ പാര്‍ലമെന്റംഗം ശഫീഖുര്‍ റഹ്മാന്‍ ബര്‍ഖിന്റെ ചെറുമകന്‍ സിയാവുര്‍ റഹ്മാന്‍ ബര്‍ഖിനു വേണ്ടിയാണ് അസദുദ്ദീന്‍ ഒവൈസി സംഭലില്‍ പ്രചാരണത്തിനെത്തിയത്. സിയക്ക് സമാജ്‌വാദി ടിക്കറ്റ് ലഭിക്കാതിരുന്നതോടെ പാര്‍ട്ടി വിട്ട് ശഫീഖുര്‍ റഹ്മാന്‍ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീനില്‍ ചേര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് മുസ്‌ലിംകള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഭരണത്തില്‍ ഏറിയതിനു ശേഷം അഖിലേഷ് നടപ്പാക്കിയില്ലെന്ന് കണക്കുകള്‍ സഹിതം ഒവൈസി അക്കമിട്ടു നിരത്തി. സംവരണം, പോലിസില്‍ പ്രവേശനം, മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള സഹായം തുടങ്ങിയ പത്ത് വ്യത്യസ്ത മേഖലകളില്‍ അഖിലേഷ് സര്‍ക്കാറിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകള്‍ സഹിതമായിരുന്നു ഒവൈസിയുടെ പ്രസംഗം.

പന്ത്രണ്ടാം തീയതി വരുമ്പോള്‍ അഖിലേഷ് സാബ് ഇതിനു കൂടി ഉത്തരം തരിക. എന്തുകൊണ്ടാണ് താങ്കളുടെ പിതവ് താങ്കളെ മുസ്ലിം വിരുദ്ധന്‍ എന്ന് വിളിച്ചത്? താങ്കളും മോദിയും തമ്മില്‍ ഞാന്‍ ഒരു വ്യത്യാസവും കാണുന്നില്ല. ഒരേ സീറ്റിലാണ് നിങ്ങളിരിക്കുന്നതെന്ന് ഒവൈസി പറഞ്ഞു.