LiveTV

Live

National

യുപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അദ്വാനിയും ജോഷിയും വരുണ്‍ ഗാന്ധിയും ഇല്ല

Summary
യോഗി ആദിത്യനാഥിനെയും, സ്വാമിപ്രസാദ് മൌര്യയെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തി

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള നേതാക്കളുടെ പട്ടികയില്‍ നിന്ന് പ്രമുഖ നേതാക്കളെ ബിജെപി ഒഴിവാക്കി. എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, വരുണ്‍ ഗാന്ധി തുടങ്ങിയവരില്ലാത്ത പട്ടിക ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ, പ്രധാന കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവരടങ്ങുന്ന പട്ടികയില്‍, നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന യോഗി ആദിത്യനാദ്, സ്വാമി പ്രസാദ് മൌര്യ എന്നിവരുള്‍പ്പെടുന്നു.

യുപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അദ്വാനിയും ജോഷിയും വരുണ്‍ ഗാന്ധിയും ഇല്ല

ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ കേശവ് പ്രസാദ് മൌര്യ നാല്‍പത് നേതാക്കളുടെ പേരുകളാണ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത്ഷാ, കേന്ദ്ര മന്ത്രിമാരായ അരുണ്‍ ജെയ്റ്റിലി, രാജ്നാഥ് സിംഗ്, നിഥിന്‍ ഗഡ്കരി, വെങ്കയ്യ നായിഡു തുടങ്ങിയ പ്രമുഖരെല്ലാം ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.

എന്നാല്‍ മൂന്ന് നേതാക്കളുടെ അഭാവം ശ്രദ്ധേയമാണ്. മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരാണ് അതില്‍ പ്രധാനം. പ്രായത്തിന്‍റെ അസൌകര്യങ്ങള്‍ പരിഗണിച്ചാണ് ഇരുവരെയും ഒഴിവാക്കിയതെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. അതേസമയം, ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വരെ പേര് പരാമര്‍ശിക്കപ്പെട്ടിരുന്ന വരുണ്‍ ഗാന്ധിയെ ഒഴിവാക്കിയത്, കൃത്യമായ നിലപാടിന്‍റെ അടിസ്ഥാനത്തിലാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. വിഎച്ച്പി നേതാവ് വിനയ് കത്യാര്‍, കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന റിത ബഹുഗുണ ജോഷി, മുസഫര്‍ നഗര്‍ കലാപക്കേസിലെ പ്രതികളായ സുരേഷ് റാണ, സംഗീത് സോം എന്നിവരും ലിസ്റ്റില്‍ ഇല്ല.

അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി ബിജെപി ദേശീയ നേതൃത്വവുമായി ഉടക്കി നില്‍ക്കുന്ന യോഗി ആദിത്യനാഥ്, സ്വാമി പ്രസാദ് മൌര്യ എന്നിവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.