LiveTV

Live

National

2000ത്തിന്റെ ആദ്യ കള്ളനോട്ട് ഗുജറാത്തില്‍ നിന്നും പിടികൂടി

2000ത്തിന്റെ ആദ്യ കള്ളനോട്ട് ഗുജറാത്തില്‍ നിന്നും പിടികൂടി
Summary
കള്ളനോട്ടില്‍ അശോക സ്തംഭത്തിന് അടുത്തായിട്ടാണ് വാട്ടര്‍മാര്‍ക്ക് പ്രിന്റ് ചെയ്തിരിക്കുന്നത്. യഥാര്‍ഥ നോട്ടിന്റെ ഇടതുവശത്തായി ആറ് വരകളുള്ളത് കള്ളനോട്ടില്‍ വലതുഭാഗത്താണ്...

രാജ്യത്തെ എല്ലാ ബാങ്കുകളിലും രണ്ടായിരം രൂപയുടെ കറന്‍സി ഇപ്പോഴും എത്തിയിട്ടുണ്ടാകില്ല, അതിന് മുമ്പു തന്നെ രണ്ടായിരത്തിന്റെ കള്ളനോട്ട് പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. ഗുജറാത്തിലെ ഒരു പാന്‍ ഷോപ്പ് ഉടമയ്ക്കാണ് 2000 രൂപയുടെ കള്ളനോട്ട് ലഭിച്ചത്. രാജ്യത്തിന്റെ പലഭാഗത്തും രണ്ടായിരം രൂപയുടെ കളര്‍ ഫോട്ടോസ്റ്റാറ്റ് ഉപയോഗിച്ച് തട്ടിപ്പ് നടക്കുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ആദ്യമായാണ് രണ്ടായിരത്തിന്റെ കള്ളനോട്ട് സ്ഥിരീകരിക്കുന്നത്.

അഹമ്മദാബാദിലെ ബോദക്‌ദേവില്‍ ഒരു ബാങ്കിന് സമീപമാണ് 25കാരനായ വന്‍ഷ് ബാരോട്ടിന്റെ പാന്‍ഷോപ്പുള്ളത്. നോട്ട് മാറുന്നതിനും മറ്റുമായി ബാങ്കില്‍ വരി നിന്ന് അവശരായ നിരവധി പേര്‍ ഇയാളുടെ പാന്‍ഷോപ്പിലെത്താറുണ്ടായിരുന്നു. ഇത്തരത്തില്‍ വന്ന ഒരാളാണ് 2000 രൂപയുടെ കള്ളനോട്ട് നല്‍കിയതെന്നാണ് കരുതുന്നത്. കടയിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ആരാണ് ഈ നോട്ട് നല്‍കിയതെന്ന് തിരിച്ചറിയാനായിട്ടില്ല.

2000ത്തിന്റെ ആദ്യ കള്ളനോട്ട് ഗുജറാത്തില്‍ നിന്നും പിടികൂടി

2000ത്തിന്റെ കറന്‍സി ഇറങ്ങി ദിവസങ്ങളേ ആയിട്ടുള്ളൂ എന്നതിനാല്‍ സംശയിക്കുകപോലും ചെയ്യാതെയാണ് വന്‍ഷ് നോട്ട് വാങ്ങിയത്. പിന്നീട് രാത്രി പണം എണ്ണി തിട്ടപ്പെടുത്തുമ്പോഴാണ് ഈ 2000ത്തിന്റെ കറന്‍സിക്ക് വ്യത്യാസമുള്ളതായി ശ്രദ്ധയില്‍പെട്ടത്. യഥാര്‍ഥ 2000ത്തിന്റെ അടുത്ത് വെച്ച് പരിശോധിച്ചപ്പോള്‍ വ്യത്യാസം കൂടുതല്‍ വ്യക്തമായി തുടങ്ങി. കള്ളനോട്ട് അടിച്ച പേപ്പറിന്റെ ഗുണനിലവാരം കുറവാണ് കള്ളനോട്ടിന് വലിപ്പവും കുറവാണ് കൂടാതെ മഞ്ചന്ത നിറം കൂടുതലാണ് കള്ളനോട്ടിന്.

സംശയം ബലപ്പെട്ടതോടെ ഇയാള്‍ കറന്‍സി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിലെത്തി മാനേജര്‍ക്ക് കൈമാറി സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ കറന്‍സിയുമായി റിസര്‍വ് ബാങ്കിലെത്തി മാറ്റി നല്‍കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരിക്കുകയാണ് ഈ യുവാവ്. രണ്ടായിരത്തിന്റെ നോട്ട് പുതുതായി ഇറങ്ങിയതിനാല്‍ അതിലെ സുരക്ഷാ സംവിധാനങ്ങള്‍ ഭൂരിഭാഗത്തിനും അജ്ഞാതമാണ്. ഈ അജ്ഞതയാണ് കള്ളനോട്ട് മാഫിയ ദുരുപയോഗം ചെയ്യുന്നതെന്നാണ് സൂചന.

കള്ളനോട്ടില്‍ അശോക സ്തംഭത്തിന് അടുത്തായിട്ടാണ് വാട്ടര്‍മാര്‍ക്ക് പ്രിന്റ് ചെയ്തിരിക്കുന്നത്. യഥാര്‍ഥ നോട്ടിന്റെ ഇടതുവശത്തായി ആറ് വരകളുള്ളത് കള്ളനോട്ടില്‍ വലതുഭാഗത്താണ്. കള്ളനോട്ടിന്റെ നിറം ഒറിജിനല്‍ നോട്ടിനേക്കാള്‍ കടുത്തതാണ്. എബ്ലം പ്രിന്റ് ചെയ്തിട്ടുമില്ല. കളര്‍ ഫോട്ടോസ്റ്റാറ്റിനെ അപേക്ഷിച്ച് പിടികൂടി കള്ളനോട്ടിന് പുതിയ നോട്ടുമായി വളരെയേറെ സാമ്യമുള്ളത് അധികൃതരെ ആശങ്കപ്പെടുത്തുന്നുണ്ട്.