വിവാഹമോചനത്തിനെത്തിയ ദമ്പതിമാരെ ഒടിഞ്ഞ പെന്സിലുകൊണ്ട് ഒന്നിപ്പിച്ച ജഡ്ജി

വിവാഹമോചനങ്ങളുടെ എണ്ണം അപകടകരമായ രീതിയില്‍ വര്‍ധിക്കുന്ന കാലമാണിത്. ഇത്തരം കേസുകളില്‍ പ്രത്യേക ശ്രദ്ധ കൊടുക്കുന്ന അഭിഭാഷകര്‍ക്ക് ഇന്ന് ചാകരയാണ്. വിവാഹപിറ്റേന്ന് പോലും പിരിയാന്‍ തീരുമാനിക്കുന്നവരുടെ കാലം. കോടതിയില്‍ വെച്ച് മനസ് മാറി വീണ്ടും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നവരുടെ എണ്ണവും അത്ര കുറവല്ല. ഇതുപോലൊരു സംഭവമാണിത്.

ഗുജറാത്തിലെ കോടതിയാണ് രംഗം. എന്തൊക്കെ സംഭവിച്ചാലും വേര്‍പിരിയണമെന്ന നിര്‍ബന്ധവുമായി എത്തിയ ദമ്പതിമാരാണ് പ്രധാന കഥാപാത്രങ്ങള്‍. ജഡ്ജി കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു. ഭാര്യ ഒരു എയര്‍ലൈന്‍ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. വിവാഹമോചനവും അഞ്ച് വയസുള്ള മകളെ വിട്ടുകിട്ടണമെന്ന ആവശ്യവുമായാണ് ഇവര്‍ കോടതിയെ സമീപിച്ചത്. തന്റെ ഭര്‍ത്താവ് മുഴുക്കുടിയാനാണെന്നും ചൂതാട്ടക്കാരനാണെന്നും ആരോപിച്ച അവര്‍, ഭര്‍ത്താവിന് കുടുംബത്തെക്കുറിച്ച് യാതൊരു ചിന്തയുമില്ലെന്നും കോടതിയെ ബോധിപ്പിച്ചു. മകളെ ഭര്‍ത്താവ് പിടിച്ചുവെച്ചിരിക്കുകയാണെന്നും കുട്ടിയെ വിട്ടുകിട്ടണമെന്നും വിവാഹമോചനം അനുവദിക്കണമെന്നും ഇവര്‍ കോടതിയോട് ആവശ്യപ്പെട്ടു. ഇതിന്മേല് കോടതി ഭര്‍ത്താവിനെ വിളിച്ചുവരുത്തി. ജഡ്ജി പ്രശ്നങ്ങള്‍ ആരാഞ്ഞു. കുട്ടിയുടെ ഭാവിക്ക് വേണ്ടിയെങ്കിലും ഒരുമിച്ച് ജീവിക്കാന്‍ ഉപദേശിച്ചു. നേരത്തെ കൗണ്‍സിലിങ്ങിന് ഹാജരാകാന്‍ ദമ്പതികളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുവരും തയ്യാറായിരുന്നില്ല. കൗണ്‍സിലിങ്ങിന് ശേഷം മാത്രമേ കേസില്‍ വിധി പറയൂ എന്ന് ജഡ്ജി വ്യക്തമാക്കി.
വേര്‍പിരിയുക മാത്രമാണ് തങ്ങളുടെ തീരുമാനമെന്ന നിലപാടില്‍ ഇരുവരും ഉറച്ചുനിന്നതോടെ ഒരു വ്യത്യസ്ത പരീക്ഷണത്തിന് ജസ്റ്റിസ് ജെബി പര്‍ദിവാല ഒരുങ്ങി. തന്റെ കയ്യിലുണ്ടായിരുന്ന ഒരു പെന്‍സില്‍ ജഡ്ജി ഒടിച്ചു. രണ്ടു കഷ്ണമായ പെന്‍സില്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ ഇരുവരോടും ജഡ്ജി ആവശ്യപ്പെട്ടു. പെന്‍സില്‍ പഴയതുപോലെയാക്കാന്‍ പശ ഉപയോഗിച്ച് ഒട്ടിക്കാനൊന്നും പാടില്ലെന്ന് ജഡ്ജി ആദ്യമേ നിബന്ധന വെച്ചു. കാരണം രണ്ടു കഷ്ണമായ പെന്‍സില്‍ പശവെച്ച് ഒട്ടിക്കുന്നതു പോലെ അനായാസമാകില്ല, ഒരിക്കല്‍ വേര്‍പെട്ടുപോയ ബന്ധങ്ങളെ ഇണക്കിച്ചേര്‍ക്കാന്‍. മകളുടെ അവകാശത്തിനായി തമ്മിലടിക്കുമ്പോള്‍ ആ കുഞ്ഞിനുണ്ടാകുന്ന മാനസികവ്യഥ നിങ്ങളുടെ മത്സരബുദ്ധിക്ക് മനസിലാകില്ല. നിങ്ങളുടെ ഈഗോയുണ്ടാക്കുന്ന മുറിവുകള്‍ സ്വന്തം കുഞ്ഞിന്റെ ഇളംമനസിലായിരിക്കും - ജഡ്ജി പറഞ്ഞു. പത്തു തവണ ഭാര്യയുമായി അനുരജ്ഞനത്തിന് ശ്രമിച്ച് പരാജയപ്പെട്ടുവെന്ന് പറഞ്ഞ ഭര്‍ത്താവിനോട്, ബന്ധങ്ങളുടെ കെട്ടുറപ്പിനായി പതിനൊന്നാം തവണയും ശ്രമിക്കൂ എന്നായിരുന്നു ജഡ്ജിയുടെ മറുപടി. ഏതായാലും പെന്‍സിലിന്റെ ഉപമയും ജഡ്ജിയുടെ ഉപദേശവും കേട്ട ദമ്പതിമാര്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്.