LiveTV

Live

National

തൂത്തുക്കുടിയില്‍ ജനജീവിതം സാധാരണ നിലയിലേക്ക്

തൂത്തുക്കുടിയില്‍ ജനജീവിതം സാധാരണ നിലയിലേക്ക്
Summary
ഘട്ടം ഘട്ടമായി മാത്രമെ വിവിധയിടങ്ങളില്‍ നിന്നെത്തിയ പൊലീസ് സംഘത്തെ പിന്‍വലിക്കുകയുള്ളൂ. വെടിവെപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്‍ തൂത്തുക്കുടിയില്‍ തെളിവെടുപ്പ് തുടരുകയാണ്.

പൊലീസ് വെടിവെപ്പിനെ തുടര്‍ന്ന് 13 പേര്‍ മരിച്ച തൂത്തുക്കുടിയില്‍ ജനജീവിതം സാധാരണ നിലയിലേക്ക്. പ്രദേശത്ത് പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു. എന്നാല്‍ പൊലീസ് സംഘം അവിടെ തന്നെ തുടരും.

സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ പ്രക്ഷോഭക്കാരും പൊലിസും തമ്മിലുള്ള ഏറ്റുമുട്ടലും സംഘര്‍ഷവും തുടര്‍ന്നതോടെയാണ് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച വരെയാണ് പ്രഖ്യാപനമുണ്ടായതെങ്കിലും പിന്നീടത് നീട്ടി. പുതുതായി ജില്ലയില്‍ ചാര്‍ജെടുത്ത കലക്ടര്‍ സന്ദീപ് നന്ദൂരിയുടെ നേതൃത്വത്തിലാണ് പ്രദേശത്ത് സമാധാനം പുനഃസ്ഥാപിയ്ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയത്.

കഴിഞ്ഞ ദിവസം നടത്തിയ സമാധാന യോഗത്തില്‍, കടകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ വ്യാപാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പൊലീസ് അകമ്പടിയോടെയുള്ള സര്‍ക്കാര്‍ ബസ് സര്‍വീസ് തുടരുന്നുണ്ട്. ഇന്നു മുതല്‍ കൂടുതല്‍ സര്‍വീസുകള്‍ നിരത്തിലിറങ്ങി. പ്രദേശത്ത് ക്യാംപു ചെയ്യുന്ന പൊലീസ് സംഘത്തെ ഘട്ടം ഘട്ടമായേ പിന്‍വലിക്കൂ എന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച കമ്മിഷന്‍ തൂത്തുക്കുടിയില്‍ തെളിവെടുപ്പ് തുടരുകയാണ്.

സ്‌റ്റെര്‍ലൈറ്റിന്റെ ചെമ്പ് ശുദ്ധീകരണ പ്ലാന്റ് പൂട്ടാതെ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് സമരക്കാര്‍. അതിനിടെ വിഷയത്തില്‍ സമരം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തൂത്തുക്കുടിയില്‍ വെടിയേറ്റു മരിച്ചവരെ അവഗണിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിന്‍ കുറ്റപ്പെടുത്തി. ഇത്ര ദിവസം കഴിഞ്ഞിട്ടും പ്രധാനമന്ത്രി ഇക്കാര്യത്തില്‍ അനുശോചിക്കുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.