LiveTV

Live

National

ഇന്ധന വില വര്‍ധനവില്‍ നടപടിയെടുക്കാതെ കേന്ദ്രം

ഇന്ധന വില വര്‍ധനവില്‍ നടപടിയെടുക്കാതെ കേന്ദ്രം
Summary
കേന്ദ്ര മന്ത്രിസഭ വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനമെടുക്കാതെ പിരിഞ്ഞു.

ഇന്ധനവില നിയന്ത്രിക്കാന്‍ നടപടിയെടുക്കാതെ കേന്ദ്ര സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനമെടുക്കാതെ പിരിഞ്ഞു. ദീര്‍ഘകാലപരിഹാരത്തിനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നായിരുന്നു കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദിന്റെ പ്രതികരണം.

രാജ്യത്ത് ഇന്ധനവില കുത്തനെ ഉയരുമ്പോള്‍ വിലനിയന്ത്രണത്തിന് കേന്ദ്രസര്‍ക്കാര്‍ ഇടപെടുമെന്നായിരുന്നു വിലയിരുത്തല്‍. ഇത് സംബന്ധിച്ച് പെട്രോളിയം മന്ത്രി എണ്ണകമ്പനി മേധാവികളുമായി ചര്‍ച്ചനടത്തുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല . അതേസമയം വിഷയം പരിഗണിച്ച കേന്ദ്രക്യാബിനറ്റും വിലനിയന്ത്രണത്തിനനുള്ള നടപടികള്‍ എടുക്കാതെ പിരിഞ്ഞു. ഇന്ധനവിലയും ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെങ്കില്‍ സംസ്ഥാനസര്‍ക്കാരുകളുടെ അനുമതി വേണമെന്ന് നികുതിയിളവ് സംബന്ധിച്ച് യോഗത്തില്‍ ധനകാര്യമന്ത്രാലയം അറിയിച്ചു. ഇക്കാര്യത്തില്‍ ദീര്‍ഘകാല പ്രശ്‌നപരിഹാരത്തിനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചു.

അതേസമയം ഒപെക് രാജ്യങ്ങള്‍ ക്രൂഡ് ഓയിലിന്റെ ഉദ്പാദനം കൂട്ടാന്‍ തീരുമാനിച്ചാല്‍ നിലവിലെ അവസ്ഥക്ക് മാറ്റം വരുമെന്ന് എച്ച്പിസിഎല്‍ ചെയര്‍മാന്‍ മുകേഷ് കെ സുരാന പറഞ്ഞു. ഇന്ധനവില വര്‍ദ്ധനവിനെതിരെ രാജ്യവ്യാപകമായി വിവിധ പാര്‍ട്ടികളുടേയും സംഘടനകളുടേയും നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ ശക്തമാവുകയാണ്.