LiveTV

Live

National

റമദാന്‍; കാശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചു

റമദാന്‍; കാശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചു
Summary
സൈനിക നീക്കങ്ങള്‍ നിര്‍ത്തിവെക്കരുതെന്ന ബിജെപിയുടെയും സൈന്യത്തിന്‍റെയും ആവശ്യം തള്ളിയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം.

റമദാന്‍ മാസത്തില്‍ ജമ്മുകാശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചു. ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഇക്കാര്യം അറിയിച്ചു. എന്നാല്‍ സാധാരണക്കാരുടെ ജീവന് ഭീഷണിയുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ സൈന്യത്തിന് തിരിച്ചടിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. സൈനിക നീക്കങ്ങള്‍ നിര്‍ത്തിവെക്കരുതെന്ന ബിജെപിയുടെയും സൈന്യത്തിന്‍റെയും ആവശ്യം തള്ളിയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം.

മുസ്ലിംഗങ്ങള്‍ക്ക് സമാധാനപരമായ അന്തരീക്ഷത്തില്‍ നോമ്പ് അനുഷ്ഠിക്കാനാണ് സൈനിക നീക്കങ്ങള്‍ ഒഴിവാക്കിയതെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഈ നീക്കത്തെ എല്ലാവരും പിന്തുണക്കണമെന്നും ഇസ്ലാമിന് മോശം പേരുണ്ടാക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണമെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു. വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചെങ്കിലും ആക്രമണമുണ്ടാകുമ്പോഴും, സാധാരണക്കാരുടെ ജീവന് ഭീഷണിയുണ്ടാകുമ്പോഴും സൈന്യത്തിന് തിരിച്ചടിക്കാന്‍ അനുവാദമുണ്ട്. റമദാനില്‍ സംസ്ഥാനത്ത് വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി മഹബൂബ മുഫതിയുടെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി സംഘം നേരത്തെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഈ നീക്കത്തെ സൈന്യവും ബിജെപിയും എതിര്‍ത്തിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ മഹബൂബ മുഫ്തി നന്ദി രേഖപ്പെടുത്തി. തീരുമാനം സമാധാനം സൌഹാര്‍ദത്തിനും ഇടയാക്കുമെന്നും മഹബൂബ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ഭീകരര്‍ റമദാനില്‍ ഇനിയും അക്രമം തുടര്‍ന്നാല്‍ ജനങ്ങളുടെ യഥാര്‍ത്ഥ ശത്രുക്കള്‍ ആരാണെന്ന് മനസിലാകുമെന്ന് ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബദുല്ല ട്വീറ്റ് ചെയ്തു. ഇതിന് മുമ്പ് 2000ത്തില്‍ വാജ്പെയി സര്‍ക്കാരിന്‍റെ കാലത്താണ് ജമ്മുകാശ്മീരില്‍ സര്‍ക്കാര്‍ സൈനിക നീക്കങ്ങള്‍ നിര്‍ത്തിവെച്ചിരുന്നത്.