ഇസ്രയേല്‍ വെടിവെപ്പിനെതിരെ പ്രതിഷേധം ശക്തം

ഗസ്സയില്‍ ഫലസ്തീനികള്‍ക്കുനേരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവെപ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ന്യൂയോർക്കിലും ഇസ്തംബൂളിലും ജക്കാർത്തയിലും വന്‍ റാലികൾ നടന്നു. ഇസ്രായേൽ അംബാസഡറോട് രാജ്യംവിടാൻ തുർക്കി ആവശ്യപ്പെട്ടു. അതേസമയം ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 60 ആയി.
ഇസ്രായേലിലെ യു.എസ് എംബസി തെൽഅവീവിൽനിന്ന് ജറൂസലമിലേക്ക് മാറ്റിയതിനെതിരെ ഫലസ്തീനികള്‍ നടത്തിയ പ്രതിഷേധം അടിച്ചമർത്താൻ ഇസ്രായേൽ നടത്തിയ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ലോകമെമ്പാടും നടക്കുന്നത്. ന്യൂയോര്‍ക്കിലും ഇസ്തംബൂളിലും ജക്കാര്‍ത്തയിലും നടന്ന റാലികളില്‍ ആയിരങ്ങളാണ് അണിനിരന്നത്.
കൊല്ലപ്പെട്ട ഫലസ്തീനികളെല്ലാം ഭീകരരാണെന്ന് പറഞ്ഞ ഇസ്രായേൽ അംബാസിഡറോട് രാജ്യം വിടാന്‍ തുര്‍ക്കി ആവശ്യപ്പെട്ടു. അബാസിഡറെ വിളിച്ചുവരുത്തി ബെൽജിയം വിദേശകാര്യ മന്ത്രി അതൃപ്തി അറിയിച്ചു.
ഇസ്രായേലിന്റെ അതിക്രമത്തിനെതിരെ ഇനിയും നിശ്ശബ്ദരായിരിക്കാൻ സാധിക്കില്ലെന്ന് ഹമാസ് വക്താവ് ഖലീൽ അൽ ഹയ്യ മുന്നറിയിപ്പ് നൽകി. മറ്റു ചെറുത്തുനിൽപ് സംഘങ്ങളും തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമമത്തില്‍ ഐക്യരാഷ്ട്രസഭയും അപലപിച്ചു. ഇസ്രേയേല്‍ എല്ലാ അതിരുകളും ലംഘിക്കുകയാണെന്ന് യുഎന്‍ രക്ഷാസമിതി അറിയിച്ചു.
ഫ്രാന്‍സ്, ബ്രിട്ടന്, ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങളെല്ലാം ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി. സംഭവത്തില്‍ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അതേസമയം ആക്രമണത്തില്‍ മരിച്ചവരുടെ അറുപതായി. 2,700 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ പലരുടെ നില ഗുരുതരമാണ്.