LiveTV

Live

National

സ്കൂള്‍ ക്യാമ്പസില്‍ വച്ച് ബലാത്സംഗത്തിനിരയായ ആറ് വയസുകാരി മരിച്ചു

സ്കൂള്‍ ക്യാമ്പസില്‍ വച്ച്  ബലാത്സംഗത്തിനിരയായ ആറ് വയസുകാരി മരിച്ചു
Summary
കഴിഞ്ഞ ഏപ്രില്‍ 21നാണ് പെണ്‍കുട്ടിയെ ജഗന്നാഥ്പൂരിലുള്ള സ്കൂള്‍ ക്യാമ്പസില്‍ വച്ച് അവശനിലയില്‍ കണ്ടെത്തിയത്

ഒഡിഷയിലെ സ്കൂളില്‍ ബലാത്സംഗത്തിനിരയായ നിലയില്‍ കണ്ടെത്തിയ ആറ് വയസുകാരി മരിച്ചു. എട്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. കട്ടക്കിലെ എസ് സിബി മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയതായി ആശുപത്രി സൂപ്രണ്ട് ശ്യാമ കനുംഗോ പറഞ്ഞു.

കഴിഞ്ഞ ഏപ്രില്‍ 21നാണ് പെണ്‍കുട്ടിയെ ജഗന്നാഥ്പൂരിലുള്ള സ്കൂള്‍ ക്യാമ്പസില്‍ വച്ച് അവശനിലയില്‍ കണ്ടെത്തിയത്. തലയ്ക്കും മുഖത്തും കഴുത്തിനും സ്വകാര്യ ഭാഗങ്ങളിലും ഗുരുതരമായി മുറിവേറ്റിരുന്നു. പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. മുതിര്‍ന്ന ഡോക്ടര്‍മാരടങ്ങുന്ന പതിമൂന്നംഗ ടീമാണ് പെണ്‍കുട്ടിയെ ചികിത്സിച്ചിരുന്നത്. ഐസിയുവിലായിരുന്ന പെണ്‍കുട്ടിയുടെ നിലയില്‍ പുരോഗതിയൊന്നുമുണ്ടായിരുന്നില്ലെന്ന് സൂപ്രണ്ട് പറഞ്ഞു. വ്യാഴാഴ്ചയോടെ നില കൂടുതല്‍ വഷളായി. ശനിയാഴ്ച വൈകിട്ടോടെ മരിക്കുകയും ചെയ്തു.

സംഭവുമായി ബന്ധപ്പെട്ട് ഗ്രാമത്തില്‍ തന്നെയുള്ള ഇരുപത്തിയഞ്ചുകാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടി മരിച്ചതോടെ ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് സാലേപൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ഡികെ മാലിക് പറഞ്ഞു.