LiveTV

Live

National

കര്‍ണാടകയില്‍ മൂന്നാമതും ജനവിധി തേടുന്ന മലയാളിയായ എന്‍ എ ഹാരിസിന് വെല്ലുവിളികളേറെ

കര്‍ണാടകയില്‍ മൂന്നാമതും ജനവിധി തേടുന്ന മലയാളിയായ എന്‍ എ ഹാരിസിന് വെല്ലുവിളികളേറെ
Summary
മകനെതിരായ കേസ് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും എന്‍ എ ഹാരിസ് പറഞ്ഞു.

കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ ശാന്തിനഗര്‍ മണ്ഡലത്തില്‍ നിന്ന് മൂന്നാമതും ജനവിധി തേടുമ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മലയാളിയുമായ എന്‍ എ ഹാരിസിനെ കാത്തിരിക്കുന്നത് ഏറെ വെല്ലുവിളികള്‍. മകന്‍ മുഹമ്മദ് നാലാപ്പാടിനെതിരായ ക്രിമിനല്‍ കേസാണ് ഇത്തവണ ഹാരിസിനെ വലക്കുന്നത്. ഇക്കാരണം കൊണ്ട് ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഹാരിസിന് കോണ്‍ഗ്രസ് സീറ്റ് അനുവദിച്ചത്. മകനെതിരായ കേസ് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും എന്‍ എ ഹാരിസ് പറഞ്ഞു.

ശാന്തിനഗര്‍ മണ്ഡലത്തില്‍ നാലാപ്പാട് ഹാരിസിന്‍റെ പത്രിക സമര്‍പ്പണത്തിന്‍റെ ഭാഗമായി നടന്ന റോഡ് ഷോയില്‍ വന്‍ ജനക്കൂട്ടം പങ്കെടുത്തു. ബാന്‍ഡ് മേളവും പാട്ടും നൃത്തവുമായി വിജയാഘോഷത്തെ അനുസ്മരിപ്പിക്കും വിധമായിരുന്നു ഹാരിസിന്റെ പ്രചാരണ കൊടിയേറ്റം. പക്ഷെ ഈ പുറം പകിട്ടിനപ്പുറം മണ്ഡലത്തില്‍ എന്‍ എ ഹാരിസിനെ കാത്തിരിക്കുന്ന വെല്ലുവിളികള്‍ നിരവധിയാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഹാരിസിന്റെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ എന്‍എ മുഹമ്മദും സംഘവും ബംഗ്ലൂരുവിലെ പബ്ബില്‍ യുവാവിനെ അക്രമിച്ച സംഭവം കര്‍ണ്ണാടകയില്‍ വലിയ രാഷ്ട്രീയ വിഷയമായിരുന്നു. കേസില്‍ അറസ്റ്റിലായ മുഹമ്മദ് പരപ്പന ജുഡീഷ്യല്‍ കസ്റ്റഡിയിലുമാണ്.

കേസ് വലിയ രാഷ്ട്രീയ വിവാദമായ സാഹചര്യത്തില്‍ എന്‍ എ ഹാരിസിനെ വീണ്ടും മത്സരിപ്പിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പുയര്‍ന്നിരുന്നു. ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം ഏറ്റവും അവസാനമാണ് ഹാരിസിന് സീറ്റ് നല്‍കാന്‍ ഹൈകമാന്‍ഡ് തീരുമാനിച്ചത്. മകനെതിരായ കേസും പാര്‍ട്ടിയിലെ എതിര്‍പ്പുമൊന്നും തനിക്ക് ഭീഷണിയാകില്ലെന്ന് എന്‍ എ ഹാരിസ് പറയുന്നു.

2013ല്‍ ഇരുപതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ജയം. മണ്ഡലത്തില്‍ ഹാരിസിനുള്ള ജനപിന്തുണയും സ്വാധീനവും വിളിച്ചോതുന്നതായിരുന്നു പത്രിക സമര്‍പ്പണത്തോട് അനുബന്ധിച്ച് നടന്ന റോഡ് ഷോ. പക്ഷെ മകന്‍റെ ക്രൂരതയിലൂന്നി ജെഡിഎസും ബിജെപിയും നടത്തുന്ന പ്രചാരണത്തെ തടഞ്ഞ് നിര്‍ത്താന്‍ ഈ പിന്തുണക്ക് കഴിയുമോ എന്നാണ് ഇനി അറിയാനുള്ളത്.