'ബിജെപിക്കാരുടെ സാന്നിധ്യം അന്തരീക്ഷത്തെ പോലും മലിനമാക്കും' കേന്ദ്രമന്ത്രി പുഷ്പാര്‍ച്ചന നടത്തിയ അംബേദ്കര്‍ പ്രതിമ കഴുകി വൃത്തിയാക്കി ദലിതര്‍
കേന്ദ്രമന്ത്രി മേനകാ ഗാന്ധി പുഷ്പാര്‍ച്ചന നടത്തിയ അംബേദ്കര്‍ പ്രതിമ കഴുകി ദലിത് പ്രവര്‍ത്തകര്‍. അംബേദ്കറുടെ ജന്മദിനമായ ഇന്ന് അംബേദ്കര്‍ പ്രതിമയില്‍ മേനകാ ഗാന്ധി പുഷ്പചക്രം അര്‍പ്പിച്ചതിന്റെ തൊട്ടുപിറകെയായിരുന്നു ദലിത് പ്രവര്‍ത്തകര്‍ പ്രതിമ കഴുകി വൃത്തിയാക്കിയത്. ബിജെപി പ്രവര്‍ത്തകരുടെ സാന്നിധ്യം അന്തരീക്ഷത്തെ പോലും മലിനമാക്കുമെന്നായിരുന്നു ദലിത് പ്രവര്‍ത്തകരുടെ പ്രതികരണം.
ഗുജറാത്തിലെ ബറോഡയിലാണ് സംഭവം. കേന്ദ്രമന്ത്രി മേനക ഗാന്ധിയും ബിജെപി എംപി രഞ്ജന്‍ ബന് ഭട്ടും ഉള്‍പ്പെടെ ബിജെപി പ്രവര്‍ത്തകര്‍ അംബേദ്കറുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. ഇതിന് പിന്നാലെ ദലിത് പ്രവര്‍ത്തകര്‍ പാലും വെളളവും ഉപയോഗിച്ച് പ്രതിമ കഴുകി വൃത്തിയാക്കി. ബിജെപിക്കെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു ദലിതരുടെ പ്രതിഷേധം.
മഹാരാജ സായാജിറാവു സര്‍വകലാശാലയിലെ എസ്സി/എസ്ടി എംപ്ലോയീസ് യൂണിയന് ജനറല്‍ സെക്രട്ടറി താക്കോര്‍ സോളങ്കിയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവര്‍ത്തനം. നേരത്തെ മന്ത്രി ഉള്‍പ്പടെയുള്ള ബിജെപി പ്രവര്‍ത്തകര്‍ അംബേദ്ക്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിനെതിരെ ദലിതര്‍ രംഗത്തെത്തിയിരുന്നു.