മമത ബാനര്‍ജി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് മമത ബാനര്‍ജി പറഞ്ഞു. പ്രതിപക്ഷ ശക്തികള്‍ ബി.ജെ.പിക്കെതിരായി ഒന്നിക്കണമെന്നും പക പോക്കല്‍ രാഷ്ട്രീയമാണ് ബി.ജെ.പിയുടേതെന്നും മമത കുറ്റപ്പെടുത്തി.
നേരത്തെ പാര്‍ട്ടിയില്‍ ഇടഞ്ഞുനില്‍ക്കുന്ന ബിജെപി നേതാക്കളായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷോരി, ശത്രുഘ്നന്‍ സിന്‍ഹ തുടങ്ങിയവര്‍ മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ വിശാല സഖ്യം രൂപീകരിക്കുന്നതിനായി എന്‍ഡിഎയിലെ സഖ്യകക്ഷിയായ ശിവസേനയുമായി ചൊവ്വാഴ്ച മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാവരും ഒരുമിച്ച് നില്ക്കാന് തയാറാവണം. ഉത്തര്‍പ്രദേശില്‍ മായാവതിയുടേയും അഖിലേഷിന്റെയും പാര്‍ട്ടി ശക്തമാണ്. അതുകൊണ്ട് ബിജെപിക്കെതിരേ സംസ്ഥാനത്ത് അവര്‍ ഒരുമിച്ച് നില്‍ക്കണമെന്നും മമത ബാനര്‍ജി പറഞ്ഞു.