ദളിതയായതിനാല്‍ ഭാര്യക്ക് വെള്ളം നിഷേധിച്ചു; യുവാവ് 40 ദിവസം കൊണ്ട് ഒറ്റയ്ക്ക് കിണര്‍ കുഴിച്ചു


കുടുംബത്തിനായി വെള്ളമെടുക്കാന്‍ പോയ ഭാര്യയെ വെള്ളം നല്‍കാതെ വീട്ടുടമസ്ഥന് അധിക്ഷേപിച്ച് വിട്ടതില്‍ പ്രതിഷേധിച്ച് യുവാവ് സ്വയം കിണര്‍ കുഴിച്ചു. ബാപുറാവു താജ്നെയാണ് ഭാര്യയ്ക്കായി തനിച്ച് കിണര്‍ കുഴിച്ച് താരമായിരിക്കുന്നത്. നാലോ അഞ്ചോ പേര് ചേര്‍ന്ന് പൂര്‍ത്തിയാക്കേണ്ട ജോലിയാണ് താജ്നെ ഒറ്റയ്ക്ക് പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ പ്രദേശത്തെ മുഴുവന്‍ ദളിത് കുടുംബങ്ങള്‍ക്കും ആശ്വാസമായിരിക്കുകയാണ് താജ്നെയുടെ കിണര്‍. ഉയര്‍ന്ന ജാതിക്കാരുടെ ആട്ടുംതുപ്പുമേല്ക്കാതെ വെള്ളം കിട്ടാനുള്ള വഴിയാണ് അവര്‍ക്കായി താജ്നെ തുറന്നുകൊടുത്തത്.
വരള്ച്ചയാല് ദുരിതത്തിലായ മഹാരാഷ്ട്രയിലെ വാശിം ജില്ലയിലെ കലമ്പേശ്വര് സ്വദേശിയാണ് താജ്ന. ഇതിന് മുമ്പ് കിണര്‍ കുഴിച്ച് പരിചയമുള്ളയാളല്ല. ദിവസം ആറുമണിക്കൂര്‍ വീതം 40 ദിവസത്തെ അധ്വാനം. താജ്നെ വെള്ളം കണ്ടെത്തുക തന്നെ ചെയ്തു. അതും തനിച്ച്.. സഹായത്തിന് ആരും ഉണ്ടായിരുന്നില്ല. സ്വന്തം കുടുംബാംഗങ്ങള്‍ പോലും. എല്ലാവരും താജ്നെയുടെ കിണര്‍ കുഴിക്കാനുള്ള പരിശ്രമത്തെ വട്ട് ആയാണ് കണ്ടത്.
സമീപത്തെ മൂന്ന് കിണറും ഒരു കുഴല്‍കിണറും വറ്റി വരണ്ട് കിടക്കുമ്പോഴാണ് താജ്നെയുടെ കിണറില്‍ വെള്ളം കണ്ടത് എന്നതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. ജനങ്ങളെല്ലാം വരള്‍ച്ചയുടെ പേര് പറഞ്ഞ് താജ്നെയെ നിരാശപ്പെടുത്തിയെങ്കിലും അയാള്‍ പിന്മാറാന് ഒരുക്കമല്ലായിരുന്നു.
തന്റെ ഭാര്യയെ വെള്ളം തരാതെ അപമാനിച്ചു വിട്ട വ്യക്തിയുടെ പേര് വെളിപ്പെടുത്താന്‍ താജ്നെ തയ്യാറായില്ല. നാട്ടില്‍ ഒരു ചോരപ്പുഴയൊഴുക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നും ആ ചോദ്യത്തിന് അയാളുടെ പ്രതികരണം. ഞങ്ങള്‍ ദളിതരും പാവപ്പെട്ടവരും ആയതുകൊണ്ടാണ് അപമാനിക്കപ്പെട്ടതെന്ന് എനിക്ക് അറിയാം. മാര്‍ച്ച് മാസത്തിലെ ആ ദിവസം വീട്ടിലെത്തിയ ഞാന്‍ വിവരമറിഞ്ഞ് കരഞ്ഞുപോയി. ഇനി വെള്ളത്തിനായി ആരോടും യാചിക്കുകയില്ലെന്ന് അന്ന് മനസ്സില്‍ ഉറപ്പിച്ചതാണ്. അടുത്ത ദിവസം തന്നെ അടുത്തുള്ള നഗരത്തില്‍പോയി ഞാന്‍ കിണര്‍ കുഴിക്കാനാവശ്യമായ പണിയായുധങ്ങള്‍ വാങ്ങി. വീട്ടിലെത്തി ഒരു മണിക്കൂറിനുള്ളില്‍ തന്നെ കിണര്‍ കുഴിച്ചു തുടങ്ങി... താജ്നെ പറയുന്നു.
കിണര്‍ കുഴിക്കുന്നതിന് മുമ്പായി സാധാരണ ചെയ്യാറുള്ള സ്ഥാനം നോക്കലോ മറ്റോ ഒന്നും താജ്നെ ചെയ്തിരുന്നില്ല. പറമ്പില്‍ സ്വന്തം ഇഷ്ടത്തിനാണ് കിണറിന്റെ സ്ഥലം താജ്നെ കണ്ടെത്തിയത്. പണി തുടങ്ങുന്നതിന് മുമ്പായി മനസ്സറിഞ്ഞ് ദൈവത്തോട് പ്രാര്‍ത്ഥിച്ചു. എന്റെ പ്രവര്‍ത്തനത്തിന് ഫലമുണ്ടായതില്‍ ദൈവത്തോട് എന്നും നന്ദിയുണ്ട് -അയാള്‍ പറഞ്ഞു.
ദിവസക്കൂലിക്കാരനാണ് താജ്നെ. കിണര്‍ കുഴിക്കാന്‍ മറ്റു ജോലിക്കാരെ ഏല്‍പ്പിക്കാന്‍ തക്ക വരുമാനമില്ല. എല്ലാ ദിവസവും ജോലിക്ക് പോകും മുമ്പ് നാല് മണിക്കൂറും ജോലി കഴിഞ്ഞെത്തി രണ്ട് മണിക്കൂറും കിണര്‍ പണിക്കായി മാറ്റിവെച്ചു. 14 മണിക്കൂര്‍ ടോട്ടല്‍ കഠിനാധ്വാനം. ആ ദിവസങ്ങളെപ്പറ്റി ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ താന്‍ തളര്‍ന്നു പോകുന്നുവെന്ന് താജ്നെ പറയുന്നു. തനിക്കും കുടുംബത്തിനും ദളിതരായതിന്റെ പേരില്‍ തങ്ങളെ പോലെ വെള്ളം നിഷേധിക്കപ്പെട്ടവരും ഇനി കുടിവെള്ളത്തിനായി മറ്റുള്ളവരോട് യാചിക്കേണ്ടിവരരുത്.. അതുമാത്രമേ അന്ന് മനസ്സിലുണ്ടായിരുന്നുള്ളൂ... ബിരുദപഠനം പൂര്‍ത്തിയാക്കിയെങ്കിലും പരീക്ഷ എഴുതിയിട്ടില്ല താജ്നെ.
ഭാര്യ സംഗീത പോലും തുടക്കത്തില്‍ താജ്നെയുടെ പരിശ്രമത്തിന് കൂട്ടുണ്ടായിരുന്നില്ല. ഒരല്‍പ്പം പോലും താന്‍ ഭര്‍ത്താവിനെ സഹായിച്ചില്ലെന്ന് തുറന്നു പറയുന്നു സംഗീത. ഇപ്പോള്‍ വെള്ളം കണ്ടതിന് ശേഷം കിണറിന്റെ ആഴവും വിസ്താരവും കൂട്ടാന്‍ രണ്ട് കുട്ടികളടക്കമുള്ള കുടുംബം മൊത്തം അയാള്‍ക്കൊപ്പമുണ്ട്. ഇനി സഹായവുമായി അയല്‍ക്കാര്‍ കൂടി എത്തുമെന്ന പ്രതീക്ഷയിലാണ് സംഗീത. അയല്‍വാസി ജയ്ശ്രീക്ക് താജ്നെയ്ക്ക് എത്ര നന്ദി പറഞ്ഞിട്ടും മതിയാവുന്നില്ല. കാരണം കിലോമീറ്റര്‍ നടന്നാണ് ഇത്രയും ദിവസം വെള്ളം കൊണ്ടുവന്നത്. അത്രയും ദൂരം ചെന്നാല്‍ പോലും വെള്ളം കിട്ടും എന്നതിന് യാതൊരു ഉറപ്പുമില്ല താനും. ആട്ടിയോടിക്കപ്പെടാനും സാധ്യത ഏറെയാണ്....
താജ്നെയാണ് സാവധാനമാണെങ്കിലും സമൂഹവും അംഗീകരിക്കുകയാണ്. പ്രാദേശിക ഭരണാധികാരി വീട്ടിലെത്തിയാണ് താജ്നെയുടെ പരിശ്രമത്തിനുള്ള അഭിനന്ദനമറിയിച്ചത്. ഒരു മറാത്തി ചാനലില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് പൂച്ചെണ്ടുമായി തഹസില്‍ദാറും വീട്ടിലെത്തി. ചലച്ചിത്രതാരം നാനാ പടേക്കര്‍ ഫോണ്‍ വഴി അഭിനന്ദനം അറിയിച്ചു. നേരിട്ട് വരുമെന്നും പറഞ്ഞിട്ടുണ്ട്. പ്രദേശത്തെ ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ 5000 രൂപ സമ്മാനമായി നല്‍കിയിട്ടുണ്ട്.