സി.പി.എമ്മിന്റെ ദേശീയ പാര്‍ട്ടിയെന്ന പദവി പ്രതിസന്ധിയിലാക്കി ത്രിപുരയിലെ തോല്‍വി

ത്രിപുരയിലെ സി.പി.എമ്മിന്റെ പരാജയം ദേശിയ പാര്‍ട്ടി എന്നപദവിയെ തന്നെ ചോദ്യചിഹ്നത്തിലാക്കി. ബംഗാളിനു പിന്നാലെ പാര്‍ട്ടിയുടെ ഉറച്ച കോട്ടയായ ത്രിപുരയിലും നേരിട്ട തകര്‍ച്ച പാര്‍ട്ടിക്കകത്ത് വലിയ ചര്‍ച്ചാവിഷയമാകും. ഇതോടെ ദേശീയ തലത്തില്‍ ബി.ജെ.പിയെ എങ്ങനെ പ്രതിരോധിക്കാമെന്ന ചര്‍ച്ചകള്‍ക്ക് വീണ്ടും ചൂടുപിടിക്കും.
ബംഗാളിലെ സാഹചര്യത്തിനൊപ്പം ത്രിപുര തിരഞ്ഞെടുപ്പും മുന്നില്‍ കണ്ടായിരുന്നു ബി.ജെ.പിയെ നേരിടാന്‍ മതേതരബദലെന്ന ആശയം സീതാറാം യെച്ചൂരി മുന്നോട്ട് വെച്ചത്. എന്നാല്‍ കോണ്‍ഗ്രസുമായി സഹകരണമോ ധാരണയോ പാടില്ലെന്ന് നിലപാടെടുക്കുന്പോള്‍ ത്രിപുരയില്‍ ഭരണം നിലനിര്‍ത്തുമെന്ന പ്രതീക്ഷയായിരുന്നു കാരാട്ട് പക്ഷത്തിനും കേന്ദ്രകമ്മിറ്റിക്കും. 20 ല്‍ താഴെ സീറ്റിലേക്ക് ചുരുങ്ങി ഭരണം ബി.ജെ.പിക്ക് അടിയറവെച്ചപ്പോള്‍ പാര്‍ട്ടി എത്തിച്ചേര്‍ന്നത് വലിയ പ്രതിസന്ധിയിലാണ്. വോട്ടിങ് ശതമാനത്തില്‍ കാര്യമായ ഇടിവില്ലെന്നത് ആശ്വാസം പകരുമ്പോഴും ഒരു തോല്‍വിക്കപ്പുറം ബംഗാളിലെ സ്ഥിതിയിലേക്ക് ത്രിപുരയിലെ പാര്‍ട്ടിയും നിലം പതിക്കുമോയെന്ന ആശങ്ക സി.പി.എമ്മിനെ അലട്ടുന്നു. അതേസമയം പണമൊഴിക്കുയും കോണ്‍ഗ്രസ് വോട്ട് മറിച്ചുമാണ് ബി.ജെ.പി വിജയിച്ചതെന്നാണ് നേതാക്കളുടെ വിശദീകരണം.
പാര്‍ട്ടിക്കകത്ത് അടവ് നയത്തെ ചൊല്ലി തര്‍ക്കം തുടരുമ്പോളും പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങള്‍ മാഞ്ഞുകൊണ്ടിരിക്കുകയാണ്. ത്രിപുരയില്‍ ഭരണം പിടിച്ച ബി.ജെ.പി ബംഗാളില്‍ ഇപ്പോള്‍ മുഖ്യപ്രതിപക്ഷമാണ്. ത്രിപുരയിലെ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ബി.ജെ.പി കേരളത്തിലേക്കും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ പ്രതിരോധിക്കുകയെന്നതാവും പാര്‍ട്ടി ഇനി നേരിടുന്ന വെല്ലുവിളി. ഒപ്പം ഇന്ത്യയൊട്ടാകെ പടരുന്ന ബി.ജെ.പിയുടെ കാവിയെ തടയിടുന്നതിനുള്ള തന്ത്രങ്ങളൊരുക്കുകയെന്നതും.