LiveTV

Live

National

ഗൗരി ലങ്കേഷ് വധം: ഹിന്ദു സംഘടനാ നേതാവ് പിടിയില്‍

ഗൗരി ലങ്കേഷ് വധം: ഹിന്ദു സംഘടനാ നേതാവ് പിടിയില്‍
Summary
കൊലപാതകവുമായി ബന്ധപ്പെട്ട് ഹിന്ദുസംഘടനാ നേതാവിനെ അറസ്റ്റ് ചെയ്തു. പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്ന കേസില്‍ സുപ്രധാന വഴിത്തിരിവ്. കൊലപാതകവുമായി ബന്ധപ്പെട്ട് ഹിന്ദുസംഘടനാ നേതാവിനെ അറസ്റ്റ് ചെയ്തു. പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

നാടന്‍ തോക്കും വെടിയുണ്ടകളുമായി കഴിഞ്ഞദിവസം ബംഗളൂരുവില്‍ അറസ്റ്റിലായ മാണ്ഡ്യ സ്വദേശി നവീന്‍ കുമാറിനെയാണ്(38) കസ്റ്റഡിയിലെടുത്തത്. കൊലയാളിയെ സ്ഥലത്തെത്തിച്ചത് നവീനാണെന്നാണ് പൊലീസ് പറയുന്നത്. സിറ്റി സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ നവീനെ റിമാന്‍ഡ് ചെയ്തു. ഗൗരി ലങ്കേഷ് വധവുമായി ബന്ധമില്ലെന്നാണ് നവീന്‍ അവകാശപ്പെടുന്നതെങ്കിലും ഇയാളെ ചോദ്യം ചെയ്താല്‍ പ്രതികളെക്കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഹിന്ദുയുവസേന എന്ന സംഘടനയുടെ സ്ഥാപക നേതാവാണ് നവീന്‍ കുമാറെന്ന് പൊലീസ് പറഞ്ഞു.

ബംഗളൂരു മെജസ്റ്റിക് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്ന് കഴിഞ്ഞാഴ്ചയാണ് നവീന്‍ കുമാറിനെ പൊലീസ് അറസ്റ്റുചെയ്യുന്നത്. ഇയാളില്‍ നിന്നും 0.32 കാലിബര്‍ തോക്കും 15 വെടിയുണ്ടകളും പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ സെപ്തംബര്‍ അഞ്ചിന് രാത്രി രാജരാജേശ്വരി നഗറിലെ ഗൌരിയുടെ വസതിയില്‍ കൊലയാളിയെ കൊണ്ടാക്കിയത് നവീനിന്റെ ബൈക്കിലായിരുന്നുവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. തോക്ക് ഉപയോഗിക്കുന്നതിനുള്ള പ്രത്യേക പരിശീലനം തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.