LiveTV

Live

National

ബെയ്ചുങ് ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു

ബെയ്ചുങ് ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു
Summary
വേറെ ഒരു പാര്‍ട്ടിയിലും ചേരുന്നില്ലെന്നും ബൂട്ടിയ ട്വിറ്ററിലൂടെ അറിയിച്ചു.

ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ബെയ്ചുങ് ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. ഏറെ കാലമായി പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുന്ന ബൂട്ടിയ ഡാര്‍ജലിങ് പ്രക്ഷോഭത്തിലടക്കം പാര്‍ട്ടിയുടേതിന് വിരുദ്ധനിലപാടാണ് സ്വീകരിച്ചത്. വേറെ ഒരു പാര്‍ട്ടിയിലും ചേരുന്നില്ലെന്നും ബൂട്ടിയ ട്വിറ്ററിലൂടെ അറിയിച്ചു.

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച സ്ട്രൈക്കറായ ബെയ്ചുങ് ബൂട്ടിയ ഫുട്ബോളില്‍ നിന്ന് വിരമിച്ച ശേഷം 2013 ലാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിലും 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിലും ടിഎംസി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. ഡാര്‍ജലിങ് ലോക്സഭ മണ്ഡലത്തില്‍ 2 ലക്ഷത്തോളം വോട്ടിന് പരാജയപ്പെട്ടെങ്കിലും പ്രത്യേക ഗൂര്‍ഖാസംസ്ഥാനമെന്ന ഗൂര്‍ഖകളുടെ ആവശ്യത്തോട് താല്‍പര്യം പുലര്‍ത്തിയിരുന്നു ബൂട്ടിയ. പ്രത്യേക സംസ്ഥാനത്തിനായി ജിജെഎമ്മിന്‍റെ നേതൃത്വതത്തില്‍ ഡാര്‍ജലിങില്‍ പ്രക്ഷോഭം ആരംഭിച്ചപ്പോള്‍ തൃണമൂല്‍ സ്വീകരിച്ച നിലപാടിനെതിരെ പരസ്യമായി തന്നെ ബൂട്ടിയ രംഗത്തത്തി.

ഏറെക്കാലമായി പാര്‍ട്ടി ഭാരവാഹിയായും വിവിധ സമിതികളിലെ ഭാരവാഹിയായും തുടര്‍ന്നിരുന്നുവെങ്കിലും പ്രവര്‍ത്തനങ്ങളില്‍ അത്ര സജീവമായിരുന്നില്ല ബൂട്ടിയ. ട്വിറ്ററിലൂടെയാണ് പാര്‍ട്ടി വിട്ടകാര്യം ബൂട്ടിയ വ്യക്തമാക്കിയത്. മറ്റ് രാഷ്ട്രീയപാര്‍ട്ടികളിലോ സംഘടനകളിലോ പ്രവര്‍ത്തിക്കാനില്ലെന്നും ബൂട്ടിയ വ്യക്തമാക്കി. നൂഡല്‍ഹി കേന്ദ്രീകരിച്ചുള്ള ബെയ്ചുങ് ബൂട്ടിയ ഫുട്ബോള്‍ സ്കൂള്‍സിന്‍റെ പ്രവര്‍ത്തനങ്ങളുമായി സജീവമാണ് ബൂട്ടിയയിപ്പോള്‍.