LiveTV

Live

National

ജയ് ശ്രീരാമെന്ന് പറയാത്തതിന് ഇസ്‍ലാം മതവിശ്വാസിക്ക് ക്രൂരമര്‍ദ്ദനം; തല്ലിയത് 25ലേറെ തവണ

ജയ് ശ്രീരാമെന്ന് പറയാത്തതിന് ഇസ്‍ലാം മതവിശ്വാസിക്ക് ക്രൂരമര്‍ദ്ദനം; തല്ലിയത് 25ലേറെ തവണ
Summary
ജയ് ശ്രീരാം എന്ന് പറയാത്തതിന് 45കാരനായ ഇസ്‍ലാം മതവിശ്വാസിക്ക് ക്രൂരമര്‍ദ്ദനം.

ജയ് ശ്രീരാം എന്ന് പറയാത്തതിന് 45കാരനായ ഇസ്‍ലാം മതവിശ്വാസിക്ക് ക്രൂരമര്‍ദ്ദനം. വിനയ് മീനയെന്ന 18കാരനാണ് മധ്യവയസ്കനെ ക്രൂരമായി മര്‍ദ്ദിച്ചത്. രാജസ്ഥാനിലെ സിറോഷി ജില്ലയിലാണ് സംഭവം. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു.

3 മിനിറ്റ് വീഡിയോയില്‍ 25ലേറെ തവണ വിനയ് മീന മര്‍ദ്ദിക്കുന്നത് കാണാം. ജയ് ശ്രീരാമെന്ന് പറഞ്ഞേ തീരൂ എന്നാണ് ആവശ്യം. താടിയില്‍ പിടിച്ചുവലിച്ച് നിരവധി തവണ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റപ്പോള്‍ ദൈവം സര്‍വശക്തനാണെന്ന് മധ്യവയസ്കന്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇവിടെ ഭരണത്തിലുള്ളത് കോണ്‍ഗ്രസാണെന്നാണോ നിങ്ങള്‍ കരുതിയിരിക്കുന്നതെന്ന് വിനയ് മീന ചോദിക്കുന്നതും വീഡിയോയിലുണ്ട്.

മര്‍ദ്ദനത്തിന്‍റെ വീഡിയോ പുറത്തുവന്നതോടെ പ്രദേശത്തെ മുസ്‍ലിംകള്‍ വിനയ് മീനക്കെതിരെ അബു റോഡ് സിറ്റി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തി, ബോധപൂര്‍വ്വം പരിക്കേല്‍പ്പിച്ചു, സമാധാനാന്തരീക്ഷം തകര്‍ത്തു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.